കേരളത്തിലെ കോണ്‍ഗ്രസ്സിലെ പ്രശ്‌നം നേതൃത്വ പ്രതിസന്ധിയെന്ന് തരൂര്‍

ഫെബ്രുവരി 26 മുതല്‍ ഐഇ മലയാളം ആരംഭിക്കുന്ന പ്രതിവാര പോഡ്കാസ്റ്റ് പരിപാടി ‘വര്‍ത്തമാന’ത്തിലാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ എക്‌സപ്രസ് ഡെപ്യൂട്ടി എഡിറ്റര്‍ ലിസ് മാത്യുവുമായി നടത്തിയ ‘വര്‍ത്തമാനം’ പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ അടുത്ത തവണയും പരാജയം

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്. ഈ സാഹചര്യം പാര്‍ട്ടി വിശദമായി പഠിക്കണമെന്ന് തരൂര്‍ പറഞ്ഞു. ‘താഴെത്തട്ടില്‍ അടിത്തറ ശക്തമാക്കുന്നതിനും വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ പാര്‍ട്ടി ആരംഭിക്കണം. കോണ്‍ഗ്രിസതര വോട്ടുകള്‍ പോലും തനിക്ക് ലഭിച്ചിട്ടുണ്ട്. ഈ രീതിയില്‍ കൂടുതല്‍ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. സംസ്ഥാനത്തും പാര്‍ട്ടിയുടെ അടിത്തറ വിപൂലീകരിക്കണം. ഇല്ലെങ്കില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും പരാജയം നേരിടുമെന്നത് ഒരു യാഥാര്‍ഥ്യമാണ്’. -തരൂര്‍ വ്യക്തമാക്കി.

അടിസ്ഥാന വോട്ടുകൊണ്ട് ജയിക്കാനാകില്ല

ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകൊണ്ട് ജയിക്കാനാകില്ല എന്നത് യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ 19ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടുശതമാനം. എന്നാല്‍ ഇതുകൊണ്ട് ഭരണത്തില്‍ എത്താന്‍ കഴിയില്ല. 26-27 ശതമാനം വോട്ട് അധികമായി ലഭിച്ചാല്‍ മാത്രമേ അധികാരത്തില്‍ എത്താന്‍ കഴിയു. അതിനാല്‍ തന്നെ, കോണ്‍ഗ്രസിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും അഭികാമ്യമാണ്.

‘തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊതുവെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും എനിക്ക് വോട്ട് ചെയ്തു. അതാണ് 2026-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത്. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികള്‍ പോലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇത് എന്റെ ഉത്തരവാദിത്തമല്ല, പക്ഷേ ഞാന്‍ ഇത് ചൂണ്ടിക്കാട്ടി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ട്’- ശശി തരൂര്‍ വ്യക്തമാക്കി.

നല്ലത് ചെയ്താല്‍ അഭിനന്ദിക്കണം

സര്‍ക്കാര്‍ നല്ലത് ചെയ്താല്‍ അഭിനന്ദിക്കണമെന്നും തെറ്റായ നടപടികള്‍ കണ്ടാല്‍ വിമര്‍ശിക്കണമെന്നും തന്റെ പഴയ നിലപാട് ഉയര്‍ത്തികാട്ടി തരൂര്‍ വ്യക്തമാക്കി. ‘ഒരു സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവരെ അഭിനന്ദിക്കുകയും തെറ്റായ നടപടികളെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്റെ അഭിപ്രായങ്ങളോട് പൊതുജനങ്ങളില്‍ നിന്ന് മോശമായ പ്രതികരണം ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ എന്റെ പാര്‍ട്ടിയില്‍ അത് നിലവിലുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ നമ്മുടെ എതിരാളികളെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറയുന്നതെന്ന് അവര്‍ ചോദിക്കുന്നു. അതെ, അവര്‍ നമ്മുടെ എതിരാളികളാണ്, പക്ഷേ അവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍, അവരെ അഭിനന്ദിക്കണം’.-തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിടുന്നത് ആലോചനയില്‍ ഇല്ല

കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നുവെന്ന് അഭ്യൂവങ്ങള്‍ തള്ളിയ തരൂര്‍ അക്കാര്യം തന്റെ ആലോചനയില്‍ ഇല്ലെന്നും വ്യക്തമാക്കി. ചില കാര്യങ്ങളില്‍ യോജിപ്പില്ലെങ്കില്‍ പാര്‍ട്ടി മാറുമെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നും തരൂര്‍ ചോദിച്ചു. അതേ സമയം ഒരാള്‍ക്ക് പാര്‍ട്ടിക്ക് പുറത്തിരിക്കാനും സ്വതന്ത്ര്യനായി തുടരാനും സ്വാതന്ത്ര്യമുണ്ടെന്നും ശശി തരൂര്‍ കൂട്ടിചേര്‍ത്തു.

ഔദ്യോഗീക സ്ഥാനാര്‍ഥിയെന്ന് ലേബല്‍ ഖാര്‍ഗെക്ക് ഗുണമായി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ പാര്‍ട്ടിയുമായി അകല്‍ച്ചയുണ്ടായോയെന്ന് ചോദ്യത്തിന് അപ്രഖ്യാപിത ഔദ്യോഗീക സ്ഥാനാര്‍ഥി എന്ന ലേബല്‍ ലഭിച്ചതാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിന് കാരണമായതെന്ന് തരൂര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ ഏറ്റവും വലിയ കമ്മിറ്റിയായ വര്‍ക്കിങ് കമ്മിറ്റിയില്‍ ഹൈക്കമാന്‍ഡ് തന്നെ ഉള്‍പ്പടുത്തിയെന്നും തരൂര്‍ വ്യക്തമാക്കി.

വര്‍ക്കിങ് കമ്മറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കണം

താന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ”നൂറ് പേരടങ്ങുന്ന സംഘമാണ് വര്‍ക്കിംഗ് കമ്മിറ്റി. എന്നെ അംഗമാക്കിയതിന് ശേഷം എല്ലാ മീറ്റിംഗുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ യോഗത്തില്‍ എന്തെങ്കിലും വിഷയത്തില്‍ ഒരു പ്രത്യേക തീരുമാനം എടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’.-തരൂര്‍ പറയുന്നു.

‘വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുമ്പോഴെല്ലാം ഒരു മുറിയില്‍ നൂറുപേരുണ്ടാകും. അതില്‍ സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, എക്‌സ്-ഓഫീഷ്യോ അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, ചുമതലയുള്ളവര്‍. ഇത് ഒരു വലിയ സമ്മേളനം പോലെയാണ്. ചെറിയ കമ്മിറ്റിയല്ല. അതുകൊണ്ട് എന്റെ അനുഭവത്തില്‍ വലിയ തീരുമാനങ്ങളൊന്നും വര്‍ക്കിങ് കമ്മിറ്റി ഇതുവരെ എടുത്തിട്ടില്ല എന്നിരുന്നാലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ക്കിങ്ങ് കമ്മിറ്റി അംഗമാവുകയെന്നത് അഭിമാനകരമായ കാര്യമാണ്’-തരൂര്‍ പറഞ്ഞു.