കുടുങ്ങിക്കിടക്കുന്ന എഫ് 35 ബി യുദ്ധവിമാനത്തിന്റെ തകരാര്‍ പരിശോധിക്കാന്‍ ബ്രിട്ടീഷ് സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കഴിഞ്ഞ 20 ദിവസത്തോളമായി തിരുവനതപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി യുടെ തകരാര്‍ പരിശോധിക്കാന്‍ ബ്രിട്ടനില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘമെത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 ഐലാന്‍ സംഘം തലസ്ഥാനത്തു എത്തിയത്. ജൂണ്‍ 14 നാണ് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

നിലവില്‍ ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇത് പരിഹരിക്കാന്‍ കഴിയാത്ത പക്ഷം വിമാനമഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകും. ഇതിനായി ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. സമുദ്രതീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍ നിന്നും പരിശീലനപ്പറക്കല്‍ നടത്തുന്നതിനിടെ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് തിരികെ ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുറഞ്ഞ ഇന്ധനവും പ്രതികൂല കാലാവസ്ഥയും തടസം സൃഷ്ടിച്ചു. ഇതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.