ഇന്ത്യയുടെ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാന്‍ വെല്ലുവിളിച്ച് അജിത് ഡോവല്‍

ചെന്നൈ: ഓപ്പറേഷന്‍ സിന്ദൂറില്‍ വീണ്ടും വിശദീകരണവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. 13 പാക് വ്യോമത്താവളങ്ങളും ഒമ്പത് തീവ്രവാദ ക്യാമ്പുകളുമാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ഓപ്പറേഷനില്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അജിത് ഡോവല്‍ ആവര്‍ത്തിച്ചു.

പാക്കിസ്ഥാന്‍ അത് ചെയ്തു ഇത് ചെയ്തുവെന്ന് പറയുന്ന വിദേശമാധ്യമങ്ങളുടെ വിശ്വാസ്യതയെയും അജിത് ഡോവല്‍ ചോദ്യം ചെയ്തു. പറയുന്നതുപോലെ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാനും അജിത് ഡോവല്‍ വെല്ലുവിളിച്ചു. ഐഐടി മദ്രാസില്‍ നടന്ന ചടങ്ങിനിടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായെന്ന വിദേശ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ തള്ളി കളഞ്ഞുകൊണ്ട് അജിത് ഡോവല്‍ തുറന്നടിച്ചത്.

പാക്കിസ്ഥാന്റെ ഉള്‍പ്രദേശങ്ങളിലുള്ള തീവ്രവാദ താവളങ്ങളിലേക്ക് വളരെ കൃത്യതയോടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇതില്‍ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളില്‍ നാശനഷ്ടം വ്യക്തമാണ്. മെയ് പത്തിന് മുമ്പും അതിനുശേഷവുമുള്ള പാക്കിസ്ഥാനിലെ 13 വ്യോമ താവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ തന്നെ എല്ലാം വ്യക്തമാകും. പാകിസ്ഥാനിലെ വ്യോമ താവളങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിയുമെന്ന് കാണിച്ചുകെടാുത്തു.

ഇതിലും വലിയ നാശനഷ്ടം ഉണ്ടാക്കാനാകും. ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. അതില്‍ നമുക്ക് തീര്‍ച്ചയായും അഭിമാനിക്കാം. അതിര്‍ത്തി പ്രദേശങ്ങളിലെ അല്ലാതെ പാകിസ്ഥാന്റെ ഉള്‍പ്രദേശത്തെ ഒന്‍പത് തീവ്രവാദ കേന്ദ്രങ്ങളാണ് കൃത്യമായ ആക്രമണത്തിലൂടെ തകര്‍ത്തതെന്നും അജിത് ഡോവല്‍ പറഞ്ഞു.