ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പരിശോധിക്കാന്‍ ഉത്തരവിട്ട് ഡിജിസിഎ

ഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോയിംഗിന്റെ വാണിജ്യ വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം പരിശോധിക്കാന്‍ ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിയന്ത്രണ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. ജൂലൈ 21നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ജൂണില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം തകര്‍ന്നുവീണത് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചത് മൂലമാണെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതാണ് എന്‍ജിനുകള്‍ നിലയ്ക്കാനും അപകടം സംഭവിക്കാനും കാരണമായതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സ്വിച്ചുകള്‍ ഓഫ് ചെയ്തത് ആരാണെന്ന് പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് ചോദിക്കുന്നത് കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓഫ് ചെയ്തത് താനല്ലെന്ന് പൈലറ്റ് മറുപടി നല്‍കുന്നുമുണ്ട്. സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഓണ്‍ ചെയ്തു. എന്നാല്‍, എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനു മുന്‍പേ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

അതേസമയം, അപകടത്തില്‍പ്പെട്ട ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ ഇന്ന് പ്രതികരിച്ചു. എല്ലാ അറ്റകുറ്റ പണികളും പൂര്‍ത്തിയാക്കിയാണ് വിമാനം സര്‍വ്വീസ് നടത്തിയിരുന്നതെന്ന് കാംബെല്‍ വില്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റുമാരുടെ മാനസികാരോഗ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എയര്‍ ഇന്ത്യ സിഇഒ വ്യക്തമാക്കി. പൈലറ്റുമാര്‍ പ്രീ-ഫ്ളൈറ്റ് ബ്രീത്ത് അനലൈസര്‍ പാസായിരുന്നു. ഇരുവരുടെയും ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കംബെല്‍ വില്‍സണ്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളില്‍ എത്തിചേരാന്‍ പാടില്ലെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ധനത്തിന്റെ ഗുണനിലവാരത്തില്‍ പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും, അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കാംബെല്‍ വില്‍സണ്‍ കൂട്ടിചേര്‍ത്തു.