എയര്‍ ഇന്ത്യ വിമാനാപകടം; യുഎസ് മാധ്യമങ്ങളുടെ വാദം തള്ളി സിവില്‍ ഏവിയേഷന്‍ മന്ത്രി
ഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട യുഎസ് മാധ്യമങ്ങളുടെ വാദം തള്ളി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു. അപകടത്തിനു കാരണം പൈലറ്റുമാരില്‍ ഒരാളുടെ മനഃപൂര്‍വമായ നടപടിയാണെന്ന ചില യുഎസ് ആസ്ഥാനമായുള്ള പ്രസിദ്ധീകരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പാശ്ചാത്യ മാധ്യമങ്ങള്‍ അടക്കമുള്ളവരോട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും, നിലവിലെ അന്വേഷണത്തില്‍ ആത്മവിശ്വാസമുണ്ടെന്നും റാം മോഹന്‍ നായിഡു പറഞ്ഞു. ‘എഎഐബി അന്വേഷണത്തെ വിശ്വസിക്കുന്നു. മികച്ച രീതിയിലാണ് ഇന്ത്യയില്‍ തന്നെ അവര്‍ ബ്ലാക്ക് ബോക്സ് ഡീകോഡ് ചെയ്തത്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ അഭിപ്രായം പറയുന്നത് നല്ല കാര്യമല്ല. ഈ ഘട്ടത്തില്‍ നിഗമനങ്ങളിലേക്ക് എടുത്തുചാടുരുത്,’ ഗാസിയാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം എഎഐബി ഡയറക്ടര്‍ ജനറല്‍ ജിവിജി യുഗന്ധര്‍ പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു. ചില വിദേശ മാധ്യമങ്ങള്‍ സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളിലൂടെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുകയാണെന്നും ഇത് തികച്ചും നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജൂണ്‍ പന്ത്രണ്ടിനായിരുന്നു അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമായിരുന്നു.
ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും സാധാരണക്കാരും അപകടത്തില്‍ മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനില്‍ നഴ്സുമായ രഞ്ജിതയും അപകടത്തില്‍ മരിച്ചിരുന്നു.