വി.എസിന് തലസ്ഥാനം വിടനല്‍കി

തിരുവനന്തപുരം: തലസ്ഥാന നഗരത്തോട് വിടചൊല്ലി കേരളത്തിന്റെ സമരനായകന്‍. വി.എസ്. അച്യുതാനന്ദന്റെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്ത് നിന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം കൃത്യം രണ്ടുമണിയോടെയാണ് വി.എസിന്റെ ഭൗതീക ശരീരവും വഹിച്ചുള്ള വിലാപയാത്ര വിപ്ലവമണ്ണിലേക്ക് പുറപ്പെട്ടത്.

വിഎസിനെ ഒരു നോക്ക് കാണാന്‍ അണമുറിയാതെ ജനപ്രവാഹമാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഉണ്ടായിരുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ഇപ്പോള്‍ തന്നെ ആള്‍ക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യര്‍ ഒഴുകിയെത്തുകയും ചെയ്തു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പ്രിയ നേതാവിന് ആദരം അര്‍പ്പിച്ചു.

ആലപ്പുഴയിലേക്കുള്ള വഴിനീളെ പലയിടത്തും വിലാപയാത്ര നിര്‍ത്തും. തിരുവനന്തപുരത്ത് മാത്രം 23 പോയിന്റുകളില്‍ ജനങ്ങള്‍ക്ക് വിഎസിനെ കാണാന്‍ സാധിക്കും. കൊല്ലം ജില്ലയിലും വിവിധ പോയിന്റുകളില്‍ വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ ഭൗതീക ശരീരം വിഎസിന്റെ ജന്മവീടായ ആലപ്പുഴ വേലിക്കകത്ത് വീട്ടില്‍ എത്തിക്കും. ബുധനാഴ്ച രാവിലെ ഒന്‍പത് മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും. 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുദര്‍ശനം.

തുടര്‍ന്ന് നാലോടെ വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.പൊതുദര്‍ശനത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവും നഗരത്തില്‍ ഗതാഗതക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.