ധീരസഖാക്കള്‍ക്കൊപ്പം അന്ത്യവിശ്രമം ജ്വലിക്കുന്ന ഓര്‍മയായി വി. എസ്

ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു. പുന്നപ്രയിലെ വസതിയിലെയും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെയും റിക്രിയേഷന്‍ ഗ്രൗണ്ടിലെയും പൊതുദര്‍ശനങ്ങള്‍ക്കു ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി ഭൗതിക ശരീരം വലിയ ചുടുകാട്ടില്‍ എത്തിച്ചത്. ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം മകന്‍ അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി.

രാത്രി 9. 15 ഓടെയായിരുന്നു സംസ്‌കാരം നടന്നത്. വലിയ ജനപ്രവാഹത്തെ തുടര്‍ന്ന് നേരത്തെ കണക്കുകൂട്ടിയ സമയക്രമമെല്ലാം തെറ്റിച്ച് മണിക്കൂറുകള്‍ വൈകിയായിരുന്നു വിലാപയാത്ര വി.എസിന്റെ വേലിക്കകത്തെ വീട്ടില്‍ എത്തിയത്. തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തുനിന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്നാണ് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര തുടങ്ങിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ വൈകിയാണ് ജന്മനാട്ടില്‍ എത്തിച്ചേര്‍ന്നത്.

പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് വിഎസിന്റെ മൃതദേഹം ആദ്യം എത്തിച്ചത്. ഇവിടെനിന്നും ഭൗതിക ശരീരം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനായി എത്തിച്ചു. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം ചുരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കള്‍ ഡിസിയിലെത്തി.

തിങ്കളാഴ്ച വൈകീട്ട് 3.20-ന് പട്ടം എസ്.യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു. ഏകദേശം ഒരുമാസത്തോളമായി പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി.എസ്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

കേരള രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് ഇറങ്ങിപ്പോയി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപീകരിച്ച 32 നേതാക്കളില്‍ ഒരാളായിരുന്നു അച്യുതാനന്ദന്‍. 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായും മൂന്ന് തവണ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1991-1996, 2001-2006, 2011-2016 എന്നീ മൂന്ന് കാലയളവുകളില്‍ പ്രതിപക്ഷ നേതാവായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നു.