ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്ന് അറസ്റ്റിലായ നാല് അല്‍ഖ്വയ്ദ ഭീകരരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന്റെ വിവരങ്ങള്‍ പ്രതികള്‍ പാകിസ്ഥാന് ചോര്‍ത്തിനല്‍കിയിരുന്നതായി കണ്ടെത്തി. പാക് ഇന്റലിജന്‍സ് സംഘമായ ഐഎസ്‌ഐയുമായി പ്രതികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിനെതിരെ സോഷ്യല്‍മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയിരുന്നു. കൂടാതെ പാക് സൈനിക ഓപ്പറേഷനായ ഓപ്പറേഷന്‍ ബനിയന് അനുകൂലമായും സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി. ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് ഈ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഫായിസ്, ഉത്തര്‍പ്രദേശ് സ്വദേശി സീഷന്‍ അലി, സൈഫുല്ല ഖുറേഷി, അഹമ്മദാബാദ് സ്വദേശി മുഹമ്മദ് ഫര്‍ദീന്‍ ഷെയ്ഖ് എന്നിവരാണ് പ്രതികള്‍. ഇന്‍സ്റ്റഗ്രാമിലൂടെ അല്‍ ഖ്വയാദ ഭീകരസംഘടനകളെ കുറിച്ച് വലിയ തോതില്‍ പ്രചരണങ്ങള്‍ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു.