ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മികച്ച മലയാളം സിനിമയായി ഉള്ളൊഴുക്ക്
എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാറൂഖ് ഖാന്‍, വിക്രാന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. ‘ജവാന്‍’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്‌കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ ‘ട്വല്‍ത്ത് ഫെയില്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
‘മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്‌കാരം ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തിയ ‘ഉള്ളൊഴുക്ക്’ സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്.
മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉര്‍വശി സ്വന്തമാക്കി. ഗണേഷ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവന്‍ സ്വന്തമാക്കി. പൂക്കാലത്തിലൂടെ മിഥുന്‍ മുരളി മികച്ച എഡിറ്റിര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ‘2018’ എന്ന ചിത്രത്തിലൂടെ മോഹന്‍ദാസ് സ്വന്തമാക്കി.