അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് ബംഗ്ലാദേശ് നടി അറസ്റ്റില്‍
കൊല്‍ക്കത്ത: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച ബംഗ്ലാദേശ് നടിയും മോഡലുമായ യുവതി അറസ്റ്റില്‍. ബംഗ്ലാദേശ് ബാരിസല്‍ സ്വദേശിനിയായ ശാന്ത പോള്‍ (28)നെയാണ് കൊല്‍ക്കത്ത പോലീസ് ആന്റി-റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ജാദവ്പൂര്‍ മേഖലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ട് ആധാര്‍ കാര്‍ഡുകളും ഒരു വോട്ടര്‍ ഐഡിയും ഒരു റേഷന്‍ കാര്‍ഡും കണ്ടെടുത്തു.
യുവതി താമസിച്ച സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയില്‍ ഇവരുടെ പേരിലുള്ള നിരവധി ബംഗ്ലാദേശ് പാസ്‌പോര്‍ട്ടുകള്‍, റീജന്റ് എയര്‍വേയ്‌സിന്റെ (ബംഗ്ലാദേശ്) ജീവനക്കാരുടെ കാര്‍ഡ്, ധാക്കയിലെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ അഡ്മിറ്റ് കാര്‍ഡ്, വ്യത്യസ്ത വിലാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ആധാര്‍ കാര്‍ഡുകള്‍, ഒരു ഇന്ത്യന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കണ്ടെത്തി. ഇവയെല്ലാം വ്യത്യസ്ത വിലാസങ്ങളിലുള്ളതാണ്.
2024 അവസാനത്തോടെ ഒരു പുരുഷനൊപ്പമാണ് യുവതി വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച ഒരു കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഓഗസ്റ്റ് എട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലില്‍, ശാന്താ പോള്‍ പൊലീസിന് തൃപ്തികരമായ മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ താമസിക്കുന്നതിന് സാധുവായ വിസ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആധാര്‍, വോട്ടര്‍, റേഷന്‍ കാര്‍ഡുകള്‍ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ഇവരുടെ കൈയില്‍ നിന്ന് കണ്ടെടുത്ത രണ്ട് ആധാര്‍ കാര്‍ഡുകളില്‍ ഒന്നിന് കൊല്‍ക്കത്ത വിലാസവും മറ്റൊന്നിന് ബര്‍ദ്വാന്‍ വിലാസവുമാണ് ഉള്ളത്.
ആധാര്‍ കാര്‍ഡ് എങ്ങനെയാണ് ഇവര്‍ക്ക് ലഭിച്ചതെന്ന് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പോലീസ് ഇപ്പോള്‍ യുഐഡിഎഐയുമായി ബന്ധപ്പെടുന്നുണ്ട്. ബംഗ്ലാദേശി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ നിരവധി ടിവി ചാനലുകളിലും ഷോകളിലും അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, ശാന്ത പോള്‍ ബംഗ്ലാദേശില്‍ നടന്ന വിവിധ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും 2019 ല്‍ കേരളത്തില്‍ നടന്ന മിസ് ഏഷ്യ ഗ്ലോബല്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന പോലീസ് പറഞ്ഞു. ബംഗാളി, തെലുങ്ക് സിനിമകളില്‍ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ തന്നെ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.