നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. രാത്രി 9 മണിയോടെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചോറ്റാനിക്കരയിലെ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു നവാസ്. ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോള്‍ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം പൊലീസ് എത്തി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചലച്ചിത്ര നടന്‍ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം. മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, മൈ ഡിയര്‍ കരടി, ജൂനിയര്‍ മാന്‍ഡ്രേക്ക്, അമ്മ അമ്മായിയമ്മ, വണ്‍മാന്‍ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളി. നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന രഹ്ന അടുത്തിടെ കലാഭവന്‍ നവാസ് പ്രധാന വേഷം ചെയ്ത ഇഴ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. നവാസിന്റെ ഭാര്യയായിട്ടാണ് രഹ്ന ഇഴയില്‍ അഭിനയിച്ചത്.
നഹറിന്‍, റിദ്‌വാന്‍, റിഹാന്‍ എന്നിവരാണ് മക്കള്‍. നഹറിന്‍ നവാസും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കണ്‍ഫഷന്‍സ് ഓഫ് എ കുക്കു എന്ന ചിത്രത്തിലാണ് നഹറിന്‍ പ്രധാന വേഷത്തിലെത്തിയത്.