ഒന്‍പത് ദിവസത്തിനു ശേഷം കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുകയായിരുന്നു മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുരിലെ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്.

ഉപാധികളോടെയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ലെന്നാണ് വിവരം. ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഈയൊരു ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നന്ദിയുണ്ടെന്നും കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമായിരുന്നു എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.

ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.