അതീവ ജാഗ്രത വേണം; അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

‘അടുത്തിടെയായി അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ എംബസി അയര്‍ലന്‍ഡിലെ അധികാരികളുമായി ബന്ധപ്പെട്ടുവരികയാണ്. അയര്‍ലന്‍ഡിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും സ്വന്തം സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ എടുക്കണം. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം’.-എംബസി മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ വംശജനായ സംരംഭകനും സീനിയര്‍ ഡാറ്റാ സയന്റിസ്റ്റുമായ സന്തോഷ് യാദവിനെ കഴിഞ്ഞയാഴ്ച ഡബ്ലിനില്‍ വെച്ച് ഒരു കൂട്ടം കൗമാരക്കാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. സമാനരീതിയില്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ മറ്റ് ഇന്ത്യന്‍ പൗരന്‍മാരും ആക്രമണത്തിന് വിധേയമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ പുറപ്പെടുവിച്ചത്.

വംശീയതയെയും സുരക്ഷാ പ്രശ്‌നങ്ങളും ഇന്ന് അയര്‍ലന്‍ഡില്‍ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് അയര്‍ലന്‍ഡിലുള്ള ഇന്ത്യന്‍ പൗരനായ ദക്ഷ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. അയര്‍ലന്‍ഡിലേക്ക് എത്താന്‍ മുന്‍പ് മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ സമീപകാല സംഭവങ്ങള്‍ ഈ ധാരണ മാറ്റിമറിച്ചു. അയര്‍ലന്‍ഡിന് പകരം ജര്‍മനി, യുകെ, യുഎസ് രാജ്യങ്ങള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. വംശീയവാദികള്‍ ഇപ്പോഴും ഒരു ന്യൂനപക്ഷമായിരിക്കാം, പക്ഷേ ഇപ്പോള്‍ അവരും അപകടകാരികളാണെന്ന് ദക്ഷ് പറഞ്ഞു.

നിരവധി ഇന്ത്യക്കാരാണ് അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഏറെപേരും മലയാളികളാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ചൈനീസ് വംശജരും വംശീയ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെന്ന് അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹം പറയുന്നു.