ധര്‍മ്മസ്ഥലയില്‍ കൂടുതല്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി; പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കുഴിച്ചിട്ടെന്ന് അവകാശവാദം

ബെംഗളൂരു: കര്‍ണാടകയിലെ ക്ഷേത്രനഗരമായ ധര്‍മ്മസ്ഥലയില്‍ നടന്ന തിരച്ചിലില്‍ പുതിയ സ്ഥലത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച 11-ാമത്തെ സ്ഥലത്ത് നിന്ന് തലയോട്ടികളുടെയും മനുഷ്യ അസ്ഥികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എസ്ഐടിയിലെ വൃത്തങ്ങള്‍ പറഞ്ഞു.

ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അടക്കം നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയന്ന് ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ രണ്ട് പതിറ്റാണ്ടുകളായി നഗരത്തില്‍ നടന്ന കൊലപാതകം, ബലാത്സംഗം, നിയമവിരുദ്ധമായ ശവസംസ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചത്.

ധര്‍മ്മസ്ഥലയിലെ വിവിധ ഇടങ്ങളില്‍ തന്നെ ഭീഷണിപ്പെടുത്തി നിരവധി മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സാക്ഷി ആരോപിച്ചത്. സാക്ഷി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ധര്‍മ്മസ്ഥലയില്‍ പരിശോധന തുടങ്ങിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട 13 ഇടങ്ങളാണ് സാക്ഷിയായി കണക്കാക്കുന്ന മുന്‍ ശുചീകരണത്തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ച് നല്‍കിയത്. സാക്ഷിയുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

ജൂലൈ 31ന് സാക്ഷി ചൂണ്ടിക്കാണിച്ച ആറാമത്തെ സ്ഥലമായ ധര്‍മ്മസ്ഥല പട്ടണത്തിന് സമീപമുള്ള നേത്രാവതി നദിയുടെ തീരത്തുനിന്ന് തലയോട്ടിയുടെയും അസ്ഥികളുടെയും ഒരു ഭാഗം സംഘം കണ്ടെത്തിയിരുന്നു. ജൂലൈ 29 മുതല്‍ വിവിധ സ്ഥലങ്ങളില്‍ എസ്ഐടി പരിശോധന തുടരുകയാണ്. കണ്ടെത്തിയ എല്ലാ അസ്ഥികൂട അവശിഷ്ടങ്ങളും പ്രായം, ലിംഗഭേദം, മരണ കാരണം എന്നിവ നിര്‍ണയിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേസമയം, 2002-2003ല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് സംസ്‌കരിച്ചതായി അവകാശപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ തിങ്കളാഴ്ച എസ്ഐടിക്ക് മുമ്പാകെ പരാതി നല്‍കി. സ്റ്റേറ്റ് ഹൈവേ 37ന് സമീപത്തുള്ള വനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസിനെ അറിയിച്ചിരുന്നുവെന്നും ജയന്ത് ടി പറഞ്ഞു. പരാതിയോ, സ്‌പോട്ട് മഹസറോ (റിപ്പോര്‍ട്ട്), പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ ഇല്ലെന്ന് പറഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് മൃതദേഹം കാട്ടില്‍ കുഴിച്ചിട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

1995 മുതല്‍ 2014 വരെയുള്ള അസ്വാഭാവിക മരണ റിപ്പോര്‍ട്ട് രേഖകള്‍ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. വളരെ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ വിവരങ്ങള്‍ തേടി ബെല്‍ത്തങ്ങാടി പൊലീസ് സ്റ്റേഷനില്‍ എസ്ഐടി ഒരു ഹെല്‍പ്പ് ലൈനുകളും ഒരു ചെറിയ ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്.