ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ന്യൂ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ബാലന്റെ യാത്ര. അഫ്ഗാന്‍ എയര്‍ലൈന്‍സായ കാം എയറിലായിരുന്നു 13 കാരനായ കുട്ടി അതിസാഹസികമായി യാത്ര നടത്തിയത്. ഡല്‍ഹിയിലെത്തിയ കുട്ടിയെ മറ്റൊരു വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ച് അയച്ചു.
അഫ്ഗാനിസ്ഥാനിലെ കുണ്ടുസില്‍ നിന്നുള്ള കുട്ടി ഇറാനിലേക്ക് പോകാനാണ് ഞായറാഴ്ച പുലര്‍ച്ചെ ആരും കാണാതെ കാബൂള്‍ വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയത്. യാത്രക്കാര്‍ക്കൊപ്പം നടന്ന് വിമാനത്തിന് അടുത്തെത്തുകയും ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറി ഒളിച്ചിരിക്കുകയും ചെയ്തു. ടെഹ്റാനിലേക്കുള്ള വിമാനമെന്ന് കരുതിയാണ് കുട്ടി അതില്‍ കയറി ഒളിച്ചത്. എന്നാല്‍, അത് ഡല്‍ഹിയിലേക്കുള്ള വിമാനമായിരുന്നു.
90 മിനിറ്റിലധികമാണ് ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ട്മെന്റില്‍ ഒളിച്ചിരുന്ന് കുട്ടി യാത്ര ചെയ്തത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കുട്ടി അവിടെ ചുറ്റിത്തിരിയുന്നത് ചില വിമാനത്താവള ജീവനക്കാര്‍ കണ്ടു. അവര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വൈകുന്നേരം 4 മണിക്ക് അതേ വിമാനത്തില്‍ തിരിച്ചയച്ചു.
ഇത്തരത്തില്‍ യാത്രചെയ്ത് സുരക്ഷിതരായെത്തിയ സംഭവങ്ങള്‍ വളരെ വിരളമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഡാറ്റ പ്രകാരം, 1947 നും 2021 നും ഇടയില്‍ 132 പേര്‍ വാണിജ്യ വിമാനങ്ങളുടെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
1996-ല്‍ ഇതുമായി ബന്ധപ്പെട്ട ഒരു അപകടവും ഉണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേയ്സ് ബോയിംഗ് 747 വിമാനത്തില്‍ സഹോദരന്മാരായ പ്രദീപ് സൈനിയും വിജയ് സൈനിയും ഇത്തരത്തില്‍ യാത്ര ചെയ്തു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു.