അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ യുദ്ധമുണ്ടാകും, യുഎസിനെ സഹായിച്ചാല്‍ പാകിസ്ഥാനും പടിക്ക് പുറത്ത്; ട്രംപിന് മുന്നറിയിപ്പുമായി താലിബാന്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാന്‍. ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ യുദ്ധം ചെയ്യുമെന്നും യുഎസിനെ പിന്തുണച്ചാല്‍ പാകിസ്ഥാനും വലിയ തിരിച്ചടി ഉണ്ടാകുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യോമതാവളം തിരിച്ചുപിടിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള സൈനികനീക്കം യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ പൂര്‍ണമായും യുദ്ധത്തിന് തയാറാകുമെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. യുഎസിനെ പാകിസ്ഥാന്‍ പിന്തുണച്ചാലുണ്ടാകുന്ന ഭവിഷത്തിനെ കുറിച്ചും താലിബാന്‍ വ്യക്തമാക്കി. വ്യോമതാവളം തിരിച്ചുപിടിക്കാനുള്ള ട്രംപിന്റെ നടപടിയില്‍ നയതന്ത്രപരമായോ ലോജിസ്റ്റിക്പരമായോ സൈനികപരമായോ ഏതെങ്കിലും തരത്തില്‍ പിന്തുണച്ചാല്‍ പിന്നീട് പാകിസ്ഥാന്‍ താലിബാന്റെ ശത്രുരാജ്യം ആയിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ബഗ്രാം വ്യോമതാവളം പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയില്‍ താലിബാന്‍ ഉന്നത നേതാക്കള്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മുന്നറിയിപ്പ് നല്‍കിയത്. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് മേധാവികള്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യുഎസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ നേരിടുന്നതിനുള്ള സൈനിക നടപടികളും യോഗത്തില്‍ ചര്‍ച്ചയായതായാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.