ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണം; കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് കസ്റ്റംസ്
കൊച്ചി: ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് രാജ്യത്തേക്ക് ആഡംബര വാഹനങ്ങള്‍ എത്തിക്കുന്നത് കണ്ടെത്താനായി ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 150 – 200 നും ഇടയില്‍ വാഹനങ്ങള്‍ ഉണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യം മുഴുവന്‍ ഓപ്പറേഷന്‍ വ്യാപിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങി സിനിമ താരങ്ങളുടെ വീടുകളില്‍ പരിശോന നടത്തി. മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ, ഇവര്‍ അറിഞ്ഞാണോ അറിയാതെയാണോ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്താനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ ഇന്ന് പിടികൂടി. ദുല്‍ഖറിന്റെ രണ്ടു വാഹനങ്ങള്‍ തിരച്ചറിഞ്ഞിട്ടുണ്ട്. നടന്മാര്‍ അടക്കം വാഹന ഉടമകള്‍ എല്ലാവര്‍ക്കും സമന്‍സ് നല്‍കും. എല്ലാവരും നേരിട്ട് ഹാജരാകണം. രേഖകള്‍ കൃത്യമല്ലെങ്കില്‍ കള്ളക്കടത്തിലൂടെ എത്തിച്ച വസ്തൂ എന്ന നിലയില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കും. വിശദമായ പരിശോധന തുടരുകയാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് പറഞ്ഞു.
ഭൂട്ടാനില്‍ നിന്നു കൊണ്ടുവരുന്ന വാഹനങ്ങള്‍ പഴയ വാഹനങ്ങള്‍ എന്ന പേരില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാനില്‍ വ്യാജ മേല്‍വിലാസം ഉണ്ടാക്കി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. അതിനുശേഷം ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ ഹിമാചലില്‍ എത്തിച്ച് അവിടെ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പര്‍ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.