സ്വന്തം ജനങ്ങള്‍ക്കുമേല്‍ ബോംബിടുന്നവരാണ് രാജ്യം; വിമര്‍ശിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം ജനങ്ങള്‍ക്കെതിരെ ബോംബെറിഞ്ഞതിന് ഇന്ത്യ അപലപിച്ചു. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്തി പാക്കിസ്ഥാന്‍ ഫോറത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് യുഎന്‍എച്ച്ആര്‍സി സെഷനില്‍ സംസാരിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി ആരോപിച്ചു.
”ഞങ്ങളുടെ പ്രദേശം മോഹിക്കുന്നതിനുപകരം, പാക് അധിനിവേശത്തിലുള്ള ഇന്ത്യന്‍ പ്രദേശം വിട്ടുപോകുന്നതാണ് നല്ലത്. ജീവിക്കാന്‍ ആവശ്യത്തിന് സാമ്പത്തിക സ്ഥിതി ഇല്ലാത്ത, സൈനിക മേധാവിത്വത്താല്‍ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. തീവ്രവാദം കയറ്റുമതി ചെയ്യുന്നതില്‍ നിന്നും, ഐക്യരാഷ്ട്രസഭ നിരോധിച്ച തീവ്രവാദികളെ സംരക്ഷിക്കുന്നതില്‍ നിന്നും, സ്വന്തം ജനങ്ങളെ ബോംബാക്രമണം ചെയ്യുന്നതില്‍ നിന്നും അവര്‍ വിട്ടുനിന്നാല്‍ ഇത് സാധിച്ചേക്കും, ”ത്യാഗി പറഞ്ഞു.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് പാക് സൈന്യം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്-6 ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍. തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (TTP) ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.