നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; ആക്ഷന്‍ പ്ലാനുമായി ഡല്‍ഹി പൊലീസ്; കര്‍ശന നിരീക്ഷണം
ഡല്‍ഹി: നേപ്പാളില്‍ അടുത്തിടെ നടന്ന ജെന്‍ സി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍, ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഡല്‍ഹി പൊലീസ്. ദേശീയ തലസ്ഥാനത്ത് സമാന സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോള്‍ച്ച നിര്‍ദേശം നല്‍കി.
ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പൊലീസ് മേധാവികളുടെ യോഗത്തിലാണ് നിര്‍ദേശം. ഡല്‍ഹി പൊലീസിന്റെ കൈവശമുള്ള മാരകമല്ലാത്ത ആയുധങ്ങളുടെ കണക്ക് എടുക്കാനും കൂടുതല്‍ ആയുധങ്ങളോ സാങ്കേതികവിദ്യയോ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനും കമ്മീഷണര്‍ ആവശ്യപ്പെട്ടതായാണ് വിവരം.
നേപ്പാളിലേതുപോലുള്ള പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ നീക്കമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നേപ്പാളിലെ പ്രതിഷേധങ്ങളുടെ രീതികളെക്കുറിച്ച് പൊലീസ് സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജെന്‍ സി പ്രക്ഷേഭത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രധാന പങ്കു വഹിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഹസ്യാന്വേഷണം, ജനക്കൂട്ട നിയന്ത്രണ പദ്ധതികള്‍, ഓണ്‍ലൈനിലെ തെറ്റായ വാര്‍ത്തകളുടെ പ്രചരണം തടയല്‍ തുടങ്ങി നിരവധി നടപടികള്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ജില്ലാ പൊലീസ് യൂണിറ്റുകളും സൈബര്‍ സെല്ലും കേന്ദ്ര സായുധ പൊലീസ് സേനകളും (CAPFs) തമ്മില്‍ ഏകോപിത തയ്യാറെടുപ്പ് നടത്തണമെന്ന് അടുത്തിടെ നിര്‍ദശം പുറപ്പെടുവിച്ചിരുന്നു. അതിര്‍ത്തി നീക്കങ്ങളുടെ നിരീക്ഷണം ശക്തമാക്കണമെന്നും, സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം വിപുലമാക്കണമെന്നും നിര്‍ദേശമുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.