ഗാസ സമാധാനകരാറില്‍ പ്രത്യാശയുണ്ട്; നീതിയും സമാധാനവും പുനസ്ഥാപിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാനകരാറില്‍ പ്രത്യാശയുണ്ടെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി ഉടന്‍ തന്നെ ആഗ്രഹിച്ച ഫലങ്ങള്‍ കൈവരിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.

ഗാസയില്‍ നീതിയും നിലനില്‍ക്കുന്നതുമായ സമാധാനം പുനസ്ഥാപിക്കണം. പശ്ചിമേഷ്യയിലെ നാടകീയമായ സാഹചര്യങ്ങള്‍ക്കിടയില്‍ സമാധാനത്തിനുശ്ള ചില സുപ്രധാന തീരുമാനങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്. അവ ഉടന്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ കൈവരിക്കും- സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളോട് മാര്‍പാപ്പ പറഞ്ഞു.

ഗാസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനും ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്നും മാര്‍പാപ്പ പറഞ്ഞു. നേരത്തെ ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി ട്രംപ് തയ്യാറാക്കിയ പദ്ധതിയെ അഭിനന്ദിച്ച് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു.

അതേസമയം, ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിര്‍ത്തി ആയുധം താഴെവയ്ക്കാന്‍ ട്രംപ് മുന്നറിയിപ്പ് നല്‍കി.

‘ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താല്‍ക്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാന്‍ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും ഞാന്‍ അനുവദിക്കില്ല. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാം. എല്ലാവരോടും നീതിപൂര്‍വ്വം പെരുമാറും.’- അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.