യുക്രൈനില്‍ കനത്ത മിസൈല്‍ ആക്രമണവുമായി റഷ്യ; അഞ്ച് മരണം

കീവ്: യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന ല്വിവ് പ്രവിശ്യയുടെ പടിഞ്ഞാറേ ഭാഗത്താണ് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും കത്തി നശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും അപകടങ്ങളും അനിയന്ത്രിതമായ സാഹചര്യത്തില്‍ ല്വിവിലെ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ മേയര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനായി റഷ്യന്‍ സൈന്യം 50-ലധികം മിസൈലുകളും 500 ഡ്രോണുകളും ഉപയോഗിച്ചതായി പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

എന്നാല്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ റഷ്യ തയ്യാറായില്ല. ഇന്നലെ (ശനിയാഴ്ച്ച) യുക്രെയിനിലെ പാസഞ്ചര്‍ ട്രെയിനിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ഇന്നും റഷ്യ യുക്രെയിനില്‍ ആക്രമണം നടത്തിയിരിക്കുന്നത്. ശനിയാഴ്ചയിലെ വ്യോമാക്രമണത്തില്‍ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റതായി പ്രദേശിക ഗവര്‍ണര്‍ ഒലെ ഹ്രിഹൊറോവ് പറഞ്ഞിരുന്നു.

അതേസമയം, യുക്രൈനിലെ സുമി റെയില്‍വേ സ്റ്റേഷനില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഭീകരതയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും രംഗത്തെത്തിയിരുന്നു. സാധാരണക്കാരായ ജനങ്ങളെയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് റഷ്യക്കാര്‍ക്ക് അറിയില്ലായിരിക്കുമെന്നും ഈ ക്രൂരതയ്ക്കു മുന്നില്‍ കണ്ണടയ്ക്കാന്‍ ലോകത്തിന് അവകാശമില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.