അമേരിക്ക ഇസ്രായേലിന് ഇതുവരെ നല്‍കിയത് 21.7 ബില്യണ്‍ ഡോളറിന്റെ ധനസഹായം
ന്യൂയോര്‍ക്ക്: ഗാസ യുദ്ധം ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്ക ഇതുവരെ ഇസ്രായേലിന് നല്‍കിയത് 21.7 ബില്യണിന്റെ ധനസഹായം.ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികമായ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ അക്കാദമിക് പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാട്‌സണ്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സിലെ കോസ്റ്റ്സ് ഓഫ് വാര്‍ പ്രോജക്റ്റ് പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മിഡില്‍ ഈസ്റ്റിലെ സുരക്ഷയ്ക്കായി യുഎസ് ഏകദേശം 10 ബില്യണ്‍ യുഎസ് ഡോളര്‍ കൂടി ചെലവഴിച്ചതായി പറയുന്നു.ഗാസ യുദ്ധം ആരംഭിച്ച് ആദ്യ വര്‍ഷത്തില്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിന് 17.9 ബില്യണ്‍ യുഎസ് ഡോളറും രണ്ടാം വര്‍ഷത്തില്‍ 3.8 ബില്യണ്‍ യുഎസ് ഡോളറും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിലെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് തുടര്‍ന്ന് ഇസ്രയേല്‍. എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്നും ഭരണം കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നതുമാണ്. പിന്നാലെയാണ് വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഇസ്രയേല്‍ സൈന്യം തുടരുന്നത്. ടാങ്കുകള്‍ ഉപയോഗിച്ചാണ് വീടുകള്‍ തകര്‍ക്കുന്നതെന്നും ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയുടെ അധികാരത്തില്‍ തുടരാന്‍ ശ്രമിച്ചാല്‍ ഹമാസിന് സര്‍വനാശമാകും ഫലമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഗാസ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. ഈജിപ്തിലെ ഷറം അല്‍ ശൈഖില്‍ വെച്ചാണ് ചര്‍ച്ച. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനെ പ്രതിനിധീകരിക്കുന്നത്. അമേരിക്കയും ചര്‍ച്ചയില്‍ പങ്കെടുക്കും. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായാണ് ചര്‍ച്ച. 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു.