ഗാസ സമാധാനത്തിലേക്ക്; ഇസ്രായേല്‍ ഹമാസ് വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഗാസ സമാധാനത്തിലേക്കെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക നിര്‍ദേശിച്ച ഗാസ സമാധാന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. ”നമ്മുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും ഒപ്പുവച്ചതായി പ്രഖ്യാപിക്കുന്നതില്‍ എനിക്ക് വളരെ അഭിമാനമുണ്ട്.”- ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. ബന്ദികളെ ഉടന്‍ മോചിപ്പിക്കുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്- ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ അറിയിച്ചു.

നേരത്തെ ഈജിപ്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ രണ്ട് പ്രധാനവിഷയങ്ങളാണ് ചര്‍ച്ചയായതെന്ന് ട്രംപ് വിശദീകരിച്ചു. ഗാസയില്‍ നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റവും ബന്ദികളുടെ മോചനവുമാണ് ചര്‍ച്ചയായത്. ഈ രണ്ട് കാര്യങ്ങളിലും തീരുമാനമായെന്ന് ട്രംപ് വ്യക്തമാക്കി.

‘ഇത് അറബ്, മുസ്ലീം ലോകത്തിനും, ഇസ്രായേലിനും, ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങള്‍ക്കും, അമേരിക്കന്‍ ഐക്യനാടുകള്‍ക്കും ഒരു മഹത്തായ ദിവസമാണ്, ഈ ചരിത്രപരവും അഭൂതപൂര്‍വവുമായ സംഭവം സാധ്യമാക്കാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു’..- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതി മുന്‍നിര്‍ത്തി കെയ്‌റോയില്‍ നടന്ന ചര്‍ച്ചയിലാണ് ഗാസയില്‍ സമാധാനത്തിനുള്ള വഴികള്‍ തുറന്നത്. മുതിര്‍ന്ന വിദേശ രാഷ്ട്രീയ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കെയ്‌റോയിലും ഈജിപ്ഷ്യന്‍ ചെങ്കടല്‍ റിസോര്‍ട്ട് പട്ടണമായ ഷാം എല്‍-ഷെയ്ക്കിലുമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. കരാറുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയാല്‍, ഇസ്രയേല്‍ മന്ത്രിസഭയില്‍ വോട്ടിനിട്ട് അംഗീകാരം നേടാന്‍ തീരുമാനമായിട്ടുണ്ട്. ഇസ്രയേലിന്മേലുള്ള അന്താരാഷ്ട്ര സമ്മര്‍ദം ഈ നിര്‍ണായക നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് പൊതുവായ വിലയിരുത്തല്‍.

നേരത്തെ, വെടിനിര്‍ത്തലിലേക്ക് പോകാതെ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക സാധ്യമല്ലെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിരുന്നു. ജീവനോടെയുള്ള ഏകദേശം 20 ബന്ദികളാണ് ഉള്ളതെന്നാണ് സൂചന. ഇവരെ ആദ്യഘട്ടത്തില്‍ കൈമാറുമെന്നും, തൊട്ടുപിന്നാലെ ഇസ്രയേല്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നുമാണ് ധാരണ.

വെടിനിര്‍ത്തലിന് ശേഷം, ആവശ്യമായ ഏകോപനത്തിലൂടെ മൃതദേഹങ്ങള്‍ ശേഖരിച്ച് കൈമാറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഹമാസ് വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ജീവനോടെയുള്ള 20 ബന്ദികളെയും 28 ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം.

കരാര്‍ അംഗീകരിക്കുന്നുവെന്ന് നെതന്യാഹു
ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും നന്ദി പറയുന്നു’, നെതന്യാഹു പറഞ്ഞു.