ഗാസയില്‍ ബന്ദികളുടെ കൈമാറ്റം തുടങ്ങി
ഗാസ: ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയില്‍ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നല്‍കി. ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലില്‍ നിന്നുള്ള 200ഓളം പലസ്തീന്‍ തടവുകാരെയും ഇന്ന് മോചിപ്പിക്കും.
ഇസ്രയേല്‍ സൈനികരായ നിമ്രോദ് കോഹെനും മതന്‍ സന്‍ഗോകെരും, എല്‍കാന ബൊഹ്‌ബൊത്, മതന്‍ ആഗ്രെസ്റ്റ്, അവിനാറ്റന്‍ ഒര്‍, യോസഫ് ഹെയ്ം ഒഹാന, എലോണ്‍ ഒഹെല്‍, എവ്യാതര്‍ ദാവൂദ്, ഗയ് ഗില്‍ബോ ദലാല്‍, റോം ബ്രസ്ലാവ്‌സ്‌കി, ഇരട്ടകളായ ഗലി, സിവ് ബെര്‍മാന്‍, എയ്തന്‍ മോര്‍, സീഗെവ് കെല്‍ഫോണ്‍, മാക്‌സിം ഹെര്‍കിന്‍, എയ്തന്‍ ഹോണ്‍, ബാര്‍ കുപെര്‍ഷ്ടിയന്‍, ഒംറി മിറന്‍, സഹോദരങ്ങളായ ഡാവിഡ് കുനിയോ, ഏരിയല്‍ കുനിയോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്.
റെഡ് ക്രസന്റിന്റെ വളണ്ടിയര്‍മാര്‍ തന്നെയാണ് പലസ്തീന്‍ തടവുകാരെയും ഏറ്റുവാങ്ങുന്നത്. 108 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ സൈനിക ജയിലായ ഒഫറില്‍ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്‌സിഒറ്റ് ജയിലില്‍ നിന്നും മോചിപ്പിക്കും. ഒഫറില്‍ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക.
നേരത്തെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് സമാധാന ഉച്ചകോടിയ്ക്ക ഈജിപ്തിലേക്ക് പുറപ്പെടും മുന്‍പേ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലനില്ക്കും. ഗാസയ്ക്കായി ഒരു സമാധാന സമിതി വേഗത്തില്‍ സ്ഥാപിക്കും. ഗാസയുടെ പുനരുദ്ധാരണം വേഗത്തിലാക്കുമെന്നും ട്രംപ് പറഞ്ഞു.