ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി തുറക്കില്ലെന്ന് ഇസ്രയേല്‍

ടെല്‍അവീവ്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റഫാ ഇടനാഴി അടഞ്ഞുകിടക്കുമെന്ന് ഇസ്രയേല്‍. തിങ്കളാഴ്ച റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീന്‍ എംബസി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ പ്രസ്താവന. മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ നല്‍കുന്നതിലും അംഗീകരിച്ച ധാരണ നടപ്പാക്കുന്നതിലും ഹമാസ് സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചു മാത്രമേ ഇടനാഴി തുറക്കുകയുള്ളുവെന്നും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതിനിടെ ഗാസയില്‍ സമാധാന കരാര്‍ ലംഘിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം.പലസ്തീന്‍ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടര്‍ന്നെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ ന്യായീകരണം.

സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത.ഗാസ സിറ്റിയ്ക്ക് സമീപത്തെ സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം.മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് പേര്‍ സ്ത്രീകളുമുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വീട് തേടിയെത്തിയ കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസല്‍ പ്രതികരിച്ചു.

ഇസ്രയേല്‍ അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണക്കാരായ, ഒന്നും അറിയാത്ത പലസ്തീനികളെ അകാരണമായി കൊല്ലുകയും ക്രൂരമായി ഉപദ്രവിക്കുകയുമാണെന്നും മഹമൂദ് ബസല്‍ പറഞ്ഞു.കരാര്‍ പ്രകാരമുള്ള യെല്ലോ ലൈന്‍ മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ഇവര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. ഗാസയില്‍ ഇസ്രയേല്‍ സൈന്യം ഇപ്പോഴും കൈവശംവെച്ചിട്ടുള്ള പ്രദേശത്താണ് യെല്ലോ ലൈന്‍ ഉള്ളത്. സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇസ്രയേല്‍ തുടരെ ഗസയില്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.