പാരിസിലെ ലൂവ് മ്യൂസിയത്തില്‍ നിന്നും നെപ്പോളിയന്റെ അമൂല്യ ആഭരണങ്ങള്‍ കൊള്ളയടിച്ചു
പാരീസ്: ലോക പ്രശസ്തമായ ഫ്രാന്‍സിലെ പാരിസിലെ ലൂവ് മ്യൂസിയത്തില്‍ വന്‍ മോഷണം. നെപ്പോളിയന്റെയും ജോസഫിന്‍ ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണ ശേഖരം കൊള്ളയടിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന മ്യൂസിയമാണ് ലൂവ്ര്.
മോഷണത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച് മ്യൂസിയം അടച്ചതായി ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി അറിയിച്ചു. സീന്‍ നദിക്ക് അഭിമുഖമായുള്ള മുന്‍ഭാഗത്തിലൂടെയാണ് കുറ്റവാളികള്‍ മ്യൂസിയത്തിലേക്ക് പ്രവേശിച്ചതെന്നാണ് വിവരം. ചരക്കുകള്‍ കൊണ്ടുപോകാനായി ഉപയോഗിക്കുന്ന ലിഫ്റ്റിലൂടെയാണ് മോഷ്ടാക്കള്‍ മ്യൂസിയത്തിലെ അപ്പോളോ ഗാലറിയില്‍ എത്തിയതെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ പാരീസിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗാലറികളില്‍ ഒന്നാണ് അപ്പോളോ. ഗാലറിയില്‍ കടന്ന മോഷ്ടാക്കള്‍ ഗ്ലാസ് ഡിസ്‌പ്ലേ തകര്‍ത്ത് നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്ന് ഒമ്പത് വസ്തുക്കള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മോഷ്ടാക്കള്‍ സ്‌കൂട്ടറിലായിരിക്കാം ഇവിടേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു.
പൂട്ടുകളും മറ്റും അറുത്തു മുറിക്കാന്‍ ചെറിയ ചെയിന്‍സോകള്‍ ഉപയോഗിച്ചതായും വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മോഷണം പോയ വസ്തുക്കളുടെ കൃത്യമായ മൂല്യം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നിരീക്ഷണ ക്യാമറകളില്‍ നിന്ന് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടോ എന്നും അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ കനത്ത സുരക്ഷയാണ് ലൂവ്രില്‍ ഒരുക്കിയിരിക്കുന്നത്. നിരവധി പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.