ട്രംപ്-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഹംഗറിയില്‍; സമാധാനം പുലരുമോ?
ന്യൂയോര്‍ക്ക്: ഗാസ സമാധാന ഉടമ്പടിയ്ക്ക് പിന്നാലെ റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഉടന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഹംഗറിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. പുടിനുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തിയതിന് ശേഷം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
റഷ്യയും യുക്രെയ്നും തമ്മിലുള്ള ഈ കുറ്റകരമായ യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും പുടിനുമായി ചര്‍ച്ച നടത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അനുയോജ്യമായ ഒരുസ്ഥലത്ത് ഇക്കാര്യത്തിലുള്ള ചര്‍ച്ച നടത്തും- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അതേസമയം, ചര്‍ച്ചയുടെ തീയതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ ട്രംപ് പങ്കുവെച്ചില്ല.
ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ച റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ആ കൂടിക്കാഴ്ച എവിടെ നടക്കുമെന്നതും സംബന്ധിച്ചും അറിയിപ്പുകളില്ല. നേരത്തെ യുദ്ധം അവസാനിപ്പിക്കുന്നതിന് പുടിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി നേരത്തെ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ നിര്‍ണായക നീക്കം.
അതേസമയം, ഗാസ സമാധാനകരാറിന് പിന്നാലെയും ഹമാസിന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഗാസയില്‍ മനുഷ്യക്കുരുതി തുടര്‍ന്നാല്‍ ഹമാസിനെ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ട്രംപ് പറഞ്ഞു. ഹമാസ് നടത്തുന്ന കൊലപാതകങ്ങള്‍ സമാധാനക്കരാറിന്റെ ഭാഗമല്ലെന്നും ഗാസയില്‍ എതിര്‍ സംഘാംഗങ്ങളെ വധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചാല്‍ സൈനിക നടപടി പുനരാരംഭിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹമാസ് നിരായുധീകരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് താന്‍ ഒരു വാക്ക് പറഞ്ഞാല്‍ ഇസ്രയേല്‍ സൈന്യത്തിന് തെരുവുകളിലേക്ക് ഇറങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.