67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് മൊത്തം കണ്ടുകെട്ടിയത്.

തിരുവനന്തപുരത്തെ എസ്ഡിപിഐ ഭുമി, പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് പുതിയതായി കണ്ടുകെട്ടിയത്.

രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.

നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.