വന്നണയാന്‍ സമയം താമസിച്ചു: തംബോല വിജയിക്ക് സമ്മാനം നിഷേധിച്ച് വിയന്നയിലെ മലയാളി സംഘടന
വിയന്ന: കഴിഞ്ഞ ഓണത്തോട് അനുബന്ധിച്ചു നടത്തിയ തംബോല മത്സരത്തില്‍ ഒന്നാം സമ്മാനം നിഷേധിച്ച് വിയന്നയിലെ മലയാളി സംഘടന. ഒന്നാം സമ്മാനം ആയിരുന്ന കേരളത്തിലേയ്ക്കുള്ള വിമാന ടിക്കറ്റാണ് വിജയിയ്ക്ക് നഷ്ടപ്പെട്ടത്. വിജയി സമ്മാനം നല്‍കുന്ന വേദിയില്‍ പ്രഖ്യാപിച്ച സമയത്ത് തന്നെ എത്തിച്ചേര്‍ന്നില്ല എന്ന കാരണത്താലാണ് ഒന്നാം സമ്മാനം നഷ്ടമായതെന്നാണ് ഔദ്യോഗിക വിശദികരണം.
അതേസമയം 6 മാസം മുമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. പ്രഖ്യാപന സമയത്ത് വേദിയില്‍ ഉള്ളവര്‍ക്ക് അല്ലെങ്കില്‍ പരിപാടിയില്‍ നേരിട്ട് ഹാജരാകാത്തവര്‍ നറുക്കപ്പെടുപ്പില്‍ പങ്കെടുക്കേണ്ടതില്ല എന്ന വിധത്തില്‍ യാതൊരു നിയമവും ഉണ്ടായിരുന്ന ടിക്കറ്റ് അല്ല വിറ്റതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണഗതിയില്‍ വിയന്നയില്‍ നടന്നുവരുന്ന രീതിയില്‍ കാശുകൊടുത്തു വാങ്ങിക്കുന്ന അത്തരം ടിക്കറ്റുകള്‍ പിന്നീടും ക്ലെയിം ചെയ്യാമെന്നിരിക്കെയാണ് സംഘടന ദ്രുതഗതിയില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനെ നിരാകരിച്ചത്.
എന്തായാലും തംബോല സമ്മാനം നിഷേധിച്ചത് വിയന്നയിലെ മലയാള സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്. വിയന്നയിലെ ഓരോ സംഘടനയും മാസങ്ങള്‍ക്കു മുമ്പ് തന്നെ വില്‍ക്കുന്ന ടിക്കറ്റില്‍ വ്യക്തിപരമായ നമ്പര്‍ ഉള്‍പ്പെടുത്താനുള്ള സ്ഥലവും നല്‍കിയാണ് ഓരോ ടിക്കറ്റും വിറ്റഴിക്കുന്നത്. ഏതെങ്കിലും അസൗകര്യം മൂലം പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിന്നീട് സംഘാടകരില്‍ നിന്നോ അല്ലെങ്കില്‍ വേദിയില്‍ തന്നെ വിജയിക്കുവേണ്ടി മറ്റാരെങ്കിലുമോ സമ്മാനം കൈപ്പറ്റുകയാണ് നാട്ടുനടപ്പ്.
ഇതോടെ വിയന്നയില്‍ നടത്തുന്ന തംബോല മത്സരത്തില്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടുവരേണ്ട ആവശ്യം ഉണ്ടായിരിക്കുകയാണ് അല്ലെങ്കില്‍ വെറുതെ വരുന്ന ഭാഗ്യം പോലും വഴിമാറിപോകുമെന്നും ഒരാള്‍ തംബോല ടിക്കറ്റ് എടുക്കുകയും ഏതെങ്കിലും സാഹചര്യം കൊണ്ട് പരിപാടിയില്‍ പങ്കെടുക്കാതെയിരിക്കുകയും ചെയ്താല്‍ സമ്മാനം നഷപ്പെടുന്ന സാഹചര്യം തംബോല നറുക്കെടുപ്പിന്റെ ഉദ്ദ്യേശശുദ്ധിയെ തന്നെ ചോദ്യംചെയ്യുമെന്നാണ് ആ ദിവസം പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടത്.
എന്നാല്‍ സംഘടനയ്ക്ക് അല്പം ഫണ്ട് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ നടത്തുന്ന പരിപാടി ഒരു വിവാദത്തിലേക്ക് എത്തിപ്പെടുന്നത് ആരോഗ്യകരമായ സമീപനമല്ലന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
ഉപഭോക്തൃനീതിയുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് യഥാര്‍ത്ഥ വിജയി എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നതില്‍ വ്യക്തതയില്ല. അതേസമയം നിയമപരമായ ഉപദേശം ഈ വിഷയത്തില്‍ വിജയി തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘാടകര്‍ അവരുടെ തീരുമാനം പുനഃപരിശോധിക്കുമോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം യഥാര്‍ത്ഥ വിജയിയ്ക്ക് നല്‍കി വിഷയം അവസാനിപ്പിക്കുമോ എന്ന കാര്യത്തിലും സങ്കീര്‍ണ്ണത നിലനില്‍ക്കുന്നെണ്ടെന്നാണ് വിവരം. അതേസമയം അശ്രദ്ധമായി സംഭവിച്ച ഒരു ചെറിയ സംഘടന പിഴവില്‍ ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്നമാണ് തര്‍ക്കത്തില്‍ എത്തി നില്‍ക്കുന്നത്.




