യൂണിസെഫ് ഇന്ത്യ അംബാസഡറായി കീര്‍ത്തി സുരേഷ്

ന്യൂഡല്‍ഹി: യൂണിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാന്‍ഡ് അംബാസഡറായി നടി കീര്‍ത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എന്‍ ഏജന്‍സിയായ യൂണിസെഫിന്റെ കുട്ടികളുടെ അവകാശങ്ങളുടെ വക്താവായിട്ടാണ് കീര്‍ത്തിയുടെ നിയമനം.

ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഇനി മുതല്‍ കീര്‍ത്തിയും ഭാഗമാകും. കുട്ടികളുടേയും കൗമാരക്കാരുടേയും മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും മറ്റ് പ്രധാന ബാലാവകാശത്തിനും കീര്‍ത്തിയുടെ ആരാധക പിന്തുണ ഉപയോഗപ്പെടുത്തും. ദേശീയ അവാര്‍ഡ് ജേതാവും തമിഴ്, തെലുഗ്, മലയാളം സിനിമകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അഭിനേതാവുമായ കീര്‍ത്തിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മകാഫ്രീ പറഞ്ഞു.

യൂണിസെഫിന്റെ ഭാഗമായതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് കീര്‍ത്തി പറഞ്ഞു. കുട്ടികള്‍ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ പ്രതീക്ഷയുമാണ്. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് കുട്ടികള്‍ക്ക് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകുന്നത് സ്നേഹപൂര്‍ണ്ണമായ പരിചരണമാണെന്ന് വിശ്വസിക്കുന്നു. ജീവിത പശ്ചാത്തലം പരിഗണിക്കാതെ ഓരോ കുട്ടിക്കും വളരാന്‍ കഴിയുന്ന തരത്തില്‍ ബോധവത്കരണം നടത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കാനും യൂണിസെഫ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സംസ്ഥാന നേതാവുമായ ജി. സുരേഷ് കുമാറിന്റെയും മലയാളത്തിലെ പ്രമുഖ ചലച്ചിത്രതാരം മേനകയുടെയും മകളാണ് കീര്‍ത്തി.