കര്‍ണാടകയിലെ നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്താനില്ലെന്നും ഉടന്‍ ഹൈക്കമാന്‍ഡ് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ നേതൃമാറ്റത്തിനായി സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഡി കെ ഏത് നിമിഷവും മുഖ്യമന്ത്രിയാകുമെന്ന അവകാശ വാദം ഡി കെ ശിവകുമാര്‍ ക്യാപ് ഉയര്‍ത്തുന്നുണ്ട്. വിഷയത്തില്‍ വലിയ തര്‍ക്കം നടക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമൊഴിയില്ലെന്ന നിലപാടാണ് സിദ്ധരാമയ്യയുടേത്.
ഇന്നലെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയെന്നാണ് ഡി കെ അനുഭാവികളായ എംഎല്‍എമാര്‍ പറയുന്നു. ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയും സാമുദായിക സമവാക്യങ്ങള്‍ പ്രകാരവും തനിക്ക് തന്നെയാണ് മുന്‍ഗണനയെന്നാണ് ഇന്നലെ ഖാര്‍ഗെയെ കണ്ട് സിദ്ധരാമയ്യ പറഞ്ഞത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വലിയ പ്രതിസന്ധിയിലാണുള്ളത്. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. നിലവില്‍ ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. 2023 മെയ് 20 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം, മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ കടുത്ത മത്സരമായിരുന്നു നടന്നത്. ഒടുവില്‍ കോണ്‍ഗ്രസ് ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കുകയായിരുന്നു.



