നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ നാളത്തെ വാദത്തിനൊടുവില്‍ വിധി ഡിസംബര്‍ എട്ടിന് പുറപ്പെടുവിക്കും. എറണാകുളം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിച്ച വിചാരണ കോടതിയാണ് വിധിപ്രഖ്യാപനത്തിന്റെ തീയതി സംബന്ധിച്ച് വ്യക്തത വരുത്തിയത്.
കേസിലെ വ്യക്തതാ വാദം പൂര്‍ത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ കേസില്‍ വാദം കേള്‍ക്കുന്നതിനിടെകോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു.ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ പോകുന്നത്.
2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. പിന്നാലെ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചു.
ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ കേസിലാകെ ഒമ്പത് പ്രതികളാണുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു. 2018 ജൂണില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. സാക്ഷി വിസ്താരം പൂര്‍ത്തിയായത് നാലര വര്‍ഷം കൊണ്ടായിരുന്നു.
2024 ഡിസംബര്‍ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രില്‍ ഏഴിന് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി. ഏറെ ചര്‍ച്ചയായ ഈ കേസ്, വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ഈ കേസാണ്.








