സമാധാന കരാറിന് യുക്രൈന്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മില്‍ യുഎഇയില്‍ നിര്‍ണ്ണായക ചര്‍ച്ച

അബുദാബി: നാലു വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന കരാറിന് യുക്രൈന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. കരാറിലെ പ്രധാന വ്യവസ്ഥകളില്‍ ധാരണയായെന്നും ഇനി ചില ചെറിയ കാര്യങ്ങള്‍ കൂടി മാത്രമേ തീരുമാനിക്കാനുള്ളൂവെന്നും യുഎസ് ഉദ്യോഗസ്ഥരും യുക്രൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവും വ്യക്തമാക്കിയതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സമാധാന പദ്ധതിയുടെ തുടര്‍ചര്‍ച്ചകള്‍ക്കായി യുഎസ് ഉന്നതതല സംഘം യുഎഇയില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് അബുദാബിയില്‍ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും സമാധാന ശ്രമങ്ങളില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ഡ്രിസ്‌കോളിന്റെ വക്താവ് അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രൈന്‍ തങ്ങളുടെ അധീനതയിലുള്ള കൂടുതല്‍ പ്രദേശങ്ങള്‍ വിട്ടുനല്‍കേണ്ടി വരും. കൂടാതെ സൈനിക നിയന്ത്രണങ്ങള്‍ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കുകയും വേണം. നേരത്തെ കീഴടങ്ങലിന് തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രൈന്‍ തള്ളിക്കളഞ്ഞ വ്യവസ്ഥകളായിരുന്നു ഇവ.

ചൊവ്വാഴ്ചയ്ക്കകം സമാധാന കരാര്‍ അംഗീകരിക്കണമെന്നായിരുന്നു ട്രംപ് യുക്രൈന് നല്‍കിയ അന്ത്യശാസനം. റഷ്യയ്ക്ക് അനുകൂലമായ കരാറില്‍ ഒപ്പിടാന്‍ ട്രംപ് ഭരണകൂടം യുക്രൈനെ നിര്‍ബന്ധിതരാക്കുകയാണോ എന്ന ആശങ്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ശക്തമാണ്.

Also Read:എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം; പുകമേഘങ്ങള്‍ ഇന്ത്യയിലേക്ക്, വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

അടുത്ത ദിവസങ്ങളില്‍ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രദേശങ്ങള്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ചും മറ്റ് നിര്‍ണ്ണായക വിഷയങ്ങളിലും ട്രംപും സെലെന്‍സ്‌കിയും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയിലാകും അന്തിമ തീരുമാനങ്ങള്‍ ഉണ്ടാവുക എന്നാണ് വിവരം. റഷ്യന്‍ പ്രസിഡന്റ് പുടിനും ട്രംപും തമ്മില്‍ ഓഗസ്റ്റില്‍ നടന്ന ഉച്ചകോടിയിലെ ധാരണകള്‍ ഉള്‍ക്കൊള്ളുന്നതാകണം പുതിയ കരാറെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പ്രതികരിച്ചു.