ഷെയ്ഖ് ഹസീനയെ കൈമാറണം: ആദ്യമായി പ്രതികരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോടെ ആദ്യമായി പ്രതികരിച്ച് ഇന്ത്യ. ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരാവശ്യം ലഭിച്ചിട്ടുണ്ടെന്ന് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയസ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്ക് അത്തരമൊരു അഭ്യര്‍ത്ഥന ലഭിച്ചിട്ടുണ്ട്. അത് നിലവില്‍ പരിശോധിച്ചുവരികയാണ്. ബംഗ്ലാദേശ് ജനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അചഞ്ചലമാണ്. ഈ വിഷയത്തില്‍ എല്ലാ ഉചിതമായ നടപടി സ്വീകരിക്കും- രണ്‍ധീപ് ജയസ്വാള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കൈക്കൊണ്ട നടപടികളിലാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ഷെയ്ഖ ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്. നേരത്തെ ഇവര്‍ കുറ്റക്കാരിയാണെന്ന് രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ പ്രഖ്യാപിച്ചിരുന്നു. മാനവികതക്കെതിരെയുള്ള അതിക്രമങ്ങളാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭ കാലത്ത് ഹസീന സര്‍ക്കാര്‍ രാജ്യത്ത് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ കൊല്ലം രാജ്യത്ത് അരങ്ങേറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് ഒടുവില്‍ അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിലേക്കും ഹസീനയെ അധികാര ഭ്രഷ്ടയാക്കുന്നതിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഹസീനയുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് കോടതിയുടെ നടപടി. ഇതിനുപിന്നാലെയാണ് ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ട് കൊടുക്കണമെന്ന് ബംഗ്ലാദേശ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അതേസമയം പ്രത്യേക കോടതിയെ കംഗാരു കോടതിയെന്നാണ് ഹസീന വിശേഷിപ്പിച്ചത്. തനിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ നിയോഗിക്കാനും ഹസീന വിസമ്മതിച്ചിരുന്നു.ഹസീന സര്‍ക്കാര്‍ നിലംപതിച്ച ശേഷം ബംഗ്ലാദേശില്‍ ഒരു രാഷ്ട്രീയ അനിശ്ചതത്വം നിലനില്‍ക്കുകയാണ്.അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവിടെ പൊതു തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോള്‍ നൊബേല്‍ ജേതാവ് മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിലുള്ള കാവല്‍ മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. അതേസമയം അവാമി ലീഗിനെ നിരോധിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.