നന്ദി എന്ന പുണ്യദിനം: അമേരിക്കന്‍ ജീവിതത്തിന്റെ ഹൃദയം
പി. പി. ചെറിയാന്‍
പഴയ സ്മരണകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിക്കൊണ്ട് മറ്റൊരു താങ്ക്സ്ഗിവിങ് ദിനം കൂടി എത്തിയിരിക്കുന്നു. ജീവിതത്തില്‍ നമ്മള്‍ അറിഞ്ഞും അറിയാതെയും അനുഭവിച്ചറിഞ്ഞ എല്ലാ നന്മകള്‍ക്കും, അനുഗ്രഹങ്ങള്‍ക്കും, സൗഭാഗ്യങ്ങള്‍ക്കും നന്ദിയുടെ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ വേണ്ടി മാത്രം വേര്‍തിരിക്കപ്പെട്ട സുപ്രധാനമായ ഒരു ദേശീയ ദിനം.
അമേരിക്കന്‍ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയ ഈ ആഘോഷം, കേവലം ഒരു അവധി ദിനം എന്നതിലുപരി, ഒത്തുചേരലിന്റെയും കൃതജ്ഞതാബോധത്തിന്റെയും പ്രതീകമാണ്.
1621 ഒക്ടോബറില്‍ ബ്രിട്ടീഷ് കുടിയേറ്റക്കാരും തദ്ദേശീയരായ വംശജരും ചേര്‍ന്നാണ് ആദ്യത്തെ താങ്ക്സ്ഗിവിങ് ആഘോഷിച്ചതെന്നു കരുതപ്പെടുന്നു. കൃഷിയുടെ സമൃദ്ധമായ വിളവെടുപ്പിനുശേഷം ദൈവത്തിന് നന്ദി പറയാന്‍ കര്‍ഷകര്‍ ഒരുമിച്ചുകൂടിയിരുന്ന പുരാതനമായ ആചാരത്തിന്റെ തുടര്‍ച്ചയാണിത്.
ഓരോ വര്‍ഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ച മുടങ്ങാതെ ഈ ദിനം ആഘോഷിക്കപ്പെടുന്നു. 1863 ഒക്ടോബര്‍ 3-ന് പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഇത് രാജ്യവ്യാപകമായി ആചരിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി. തുടര്‍ന്ന് 1941-ല്‍ യു.എസ്. കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ഇതിന് നിയമപരമായ അംഗീകാരം നല്‍കി.
ഈ ദിനം അമേരിക്കക്കാര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒരു ജീവിതാനുഭവമാണ്.
നന്ദിസൂചകമായ പ്രാര്‍ത്ഥനകള്‍, വിശാലമായ തീന്‍മേശകള്‍, ഇഷ്ടപ്പെട്ട വിഭവങ്ങള്‍, പ്രിയപ്പെട്ടവരുടെ ഊഷ്മളമായ ഒത്തുചേരലുകള്‍ എന്നിവ താങ്ക്സ്ഗിവിങ് ദിനത്തെ അവിസ്മരണീയമാക്കുന്നു.
ലക്ഷക്കണക്കിന് ടര്‍ക്കികള്‍ ഈ ദിനത്തില്‍ വിരുന്നുകളിലെ പ്രധാന വിഭവമായി മാറുന്നു. ടര്‍ക്കിയില്ലാത്ത താങ്ക്സ്ഗിവിങ് ഒരു അമേരിക്കന്‍ കുടുംബത്തിന് ചിന്തിക്കാന്‍ കഴിയില്ല.
വ്യാഴാഴ്ചയ്ക്ക് ശേഷം വരുന്ന വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ എന്ന പേരില്‍ അറിയപ്പെടുന്നു. അതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും ഷോപ്പിംഗിനുമുള്ള ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകുന്നു.
താങ്ക്സ്ഗിവിങ്, അമേരിക്കയിലും കാനഡയിലും മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തി ആഘോഷിക്കപ്പെടുന്നു. മഹാമാരിയുടെ കാലത്ത് അല്‍പ്പം നിറം മങ്ങിയെങ്കിലും, ഇപ്പോള്‍ പൂര്‍വ്വാധികം അടുക്കും ചിട്ടയോടുംകൂടി ഈ പുണ്യദിനം ആഘോഷിക്കപ്പെടാന്‍ ഒരുങ്ങുന്നു.
നമുക്ക് ജീവിതം അനുകൂലമാക്കി തന്ന ദൈവത്തിനും, ഈ മണ്ണില്‍ പുതിയ ജീവിതം തുടങ്ങാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാനുള്ള സുവര്‍ണ്ണാവസരമാണിത്. പ്രതീക്ഷകളുടെ ചിറകിലേറി, ശുഭകരമായ ഒരു നാളേക്ക് വേണ്ടി കാത്തിരിക്കുന്ന ഈ ദിനം ഓരോ ഹൃദയത്തിലും സന്തോഷം നിറയ്ക്കട്ടെ.
‘ദൈവ സ്‌നേഹം വര്ണിച്ചിടാന്‍ വാക്കുകള്‍ പോരാ നന്ദി ചൊല്ലി തീര്‍ക്കുവാന്‍ ഈ ജീവിതം പോരാ.’





