കനേഡിയന്‍ പൗരത്വ നിയമത്തില്‍ പരിഷ്‌കരണം: വിദേശത്ത് ജനിച്ചവരുടെ മക്കള്‍ക്ക് ആശ്വാസം

പി പി ചെറിയാന്‍

ഓട്ടവ: വംശാവലി അടിസ്ഥാനമാക്കിയുള്ള കനേഡിയന്‍ പൗരത്വ നിയമത്തില്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ട് കാനഡ. വിദേശത്ത് ജനിച്ചതോ ദത്തെടുത്തതോ ആയ കുട്ടികള്‍ക്ക് പൗരത്വം നേടാന്‍ അവസരം നല്‍കുന്ന ബില്‍ സി-3 സര്‍ക്കാര്‍ അവതരിപ്പിച്ചു.

ഈ പുതിയ വ്യവസ്ഥ പ്രകാരം, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്പ് കുറഞ്ഞത് 1,095 ദിവസം (ഏകദേശം 3 വര്‍ഷം) കാനഡയില്‍ താമസിച്ചിട്ടുള്ള കനേഡിയന്‍ രക്ഷിതാക്കളുടെ വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് പൗരത്വം ലഭിക്കും.

2009-ലെ നിയമം കാരണം പൗരത്വം നിഷേധിക്കപ്പെട്ട വിദേശത്ത് ജനിച്ച കനേഡിയന്‍ പൗരന്മാരുടെ മക്കള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ മാറ്റം ഏറെ ആശ്വാസകരമാകും.

2023 ഡിസംബറില്‍ ഒന്റാറിയോ സുപ്പീരിയര്‍ കോടതി നിലവിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.

പുതിയ ബില്ല് യു.എസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ സമ്പ്രദായങ്ങളുമായി സാമ്യമുള്ളതാണ്.