രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്: പുറത്തുവിട്ടാല്‍ തെളിവ് നശിപ്പിക്കുമെന്ന് കോടതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും യുവതിയെ അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച വീഡിയോ കോടതി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് ജാമ്യം നിഷേധിച്ചത്.

പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചതും ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയതും ചെറുതായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ജയിലില്‍ നിരാഹാരസമരം നടത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.