കേരള വഖ്ഫ് ബോര്‍ഡിന്റെയും സമസ്തയുടേയും ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രകാരം വഖ്ഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സമയപരിധി നീട്ടണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി. കേരള വഖ്ഫ് ബോര്‍ഡിന്റെയും സമസ്തയുടേയും ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

എന്നാല്‍ സമയം നീട്ടി നല്‍കാന്‍ ബന്ധപ്പെട്ട ട്രിബ്യൂണലുകളെ സമീപിക്കാന്‍ അവകാശമുണ്ടായിരിക്കുമെന്നും ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്തയും അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹും അടങ്ങിയ ബെഞ്ച് പറഞ്ഞു. 2025 ഏപ്രില്‍ എട്ടിനാണ് വഖ്ഫ് ഭേദഗതി നിയമം നിലവില്‍വന്നത്. വഖ്ഫ് രേഖകള്‍ ഉമീദ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. ഡിസംബര്‍ 6 വരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നത്. ഹര്‍ജിക്കാര്‍ക്കുവേണ്ടിഅഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി, പി വി ദിനേശ്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവര്‍ ഹാജരായി.

എന്താണ് ഉമീദ് പോര്‍ട്ടല്‍? വഖഫ് സ്വത്തുക്കളുടെ കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഉമീദ് പോര്‍ട്ടല്‍. ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് ആക്ട്, 1995 എന്നതിന്റെ ചുരുക്കപ്പേരാണ് യുഎംഇഇഡി (UMEED) സെന്‍ട്രല്‍ പോര്‍ട്ടല്‍. ഇതിലൂടെ വഖ്ഫ് ആസ്തികള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പുവരും. നിയമപരമായ അവ്യക്തതകള്‍ കുറയ്ക്കുകയും ചെയ്യും. ആര്‍ക്കുവേണമെങ്കിലും പോര്‍ട്ടലില്‍ പ്രവേശിച്ച് രേഖകള്‍ പരിശോധിക്കുകയും ചെയ്യാം.