ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലന്‍സ്‌കി
പാരീസ്: യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ സമാധാന പദ്ധതി മികച്ചതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. ഏകദേശം നാല് വര്‍ഷത്തെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുക്രെയ്ന്‍ സമാധാന പദ്ധതിയെക്കുറിച്ച് ട്രംപിനോട് എങ്ങനെ സംസാരിക്കണമെന്ന് പുടിന്റെ ഉപദേഷ്ടാവിനെ പരിശീലിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച യുക്രെയ്ന്‍, യുഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലെന്‍സ്‌കി പാരിസ് സന്ദര്‍ശിച്ചത്. ഈ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചു.
യുക്രെയ്‌നിന്റെ പ്രദേശങ്ങളുടെ മേലുള്ള നിയന്ത്രണം സങ്കീര്‍ണമാണെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ സെലെന്‍സ്‌കി പ്രതികരിച്ചു. ചര്‍ച്ചകള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്ന് എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. എന്നാല്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ യുക്രെയ്‌നിലെ സമാധാനത്തിന്റെയും യൂറോപ്പിലെ സുരക്ഷയുടെയും ഭാവിക്ക് ഒരു വഴിത്തിരിവായേക്കാവുന്ന നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ യുക്രെയിനെയും യൂറോപ്യന്‍ സഖ്യ കക്ഷികളെയും അദ്ദേഹം വിമര്‍ശിച്ചു.








