വേള്‍ഡ് പീസ് മിഷന്റെ ഒമ്പതാമത് ഭവനം കണ്ണൂരില്‍

കൊളക്കാട്: അതിദരിദ്രരായ വിധവകള്‍ക്ക് സംരക്ഷണ സഹായമായി വേള്‍ഡ് പീസ് മിഷന്‍ നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ ഭവനം കണ്ണൂരില്‍ കൊളക്കാട് എന്ന സ്ഥലത്ത് പൂര്‍ത്തിയായി. വേള്‍ഡ് പീസ് മിഷന്റെ ട്രസ്റ്റീ ബീജോയ് ചെറിയാന്‍ സുനിത സുരേന്ദ്രന് താക്കോല്‍ നല്‍കി ഭവനം കൈമാറി. വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ ഭവന പ്രവേശനം നടത്തി. യു.എസ്. വേള്‍ഡ് പീസ് മിഷന്റെ എക്‌സിക്യൂട്ടീവ് അംഗം തോമസ് സ്‌കറിയ (അരിസോണ) യാണ് നിര്‍മ്മാണ ചിലവുകള്‍ വഹിച്ചത്.

തലശ്ശേരി അതിരൂപത കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ പിന്തുണയും ഉണ്ടായിരുന്നു, കോപ്പറേറ്റീവ് ഏജന്‍സി മാനേജര്‍ ഫാ. സോണി വടശ്ശേരിയില്‍ ദീപം തെളിയിച്ചു. ഫാ.തോമസ് പട്ടാങ്കാളവും തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് എജുക്കേഷണല്‍ ഏജന്‍സി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വീട് വയ്ക്കുവാന്‍ ആവശ്യമായ ഭൂമി സൗജന്യമായി നല്‍കിയത് ജോസ് കൊച്ചുവീട്ടിലാണ്. മനോജ് കെ. കെ യുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കുഴല്‍ കിണര്‍ സൗകര്യങ്ങള്‍ ചെയ്തത് ബോബി കല്ലറക്കലാണ്.

കേരളത്തിലുടനീളം എല്ലാ ജില്ലകളിലും വിധവകളായ സ്ത്രീകള്‍ക്ക് ജില്ലയില്‍ 10 വീടുകള്‍ വീതം 140 വീടുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ദൗത്യമാണ് വേള്‍ഡ് പീസ് മിഷന്റെ ഈ സംരംഭം. സിയാറ്റിലുള്ള ജോണ്‍ ടൈറ്റസ് സ്‌പോണ്‍സര്‍ ചെയ്തത് നിര്‍മ്മാണം ആരംഭിച്ച പത്തനംതിട്ട ടൗണിലുള്ള പത്തമത്തെ ഭവനം 2025 ഡിസംബര്‍ 31ന് പൂര്‍ത്തിയാകും.

റിപ്പോര്‍ട്ട് : സ്‌നേഹ സാബു