ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ മലയാള സിനിമ നിര്‍മ്മാണ മേഖലയിലേയ്ക്ക്

വിയന്ന: പ്രോസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപകനും, വ്യവസായിയും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) സ്ഥാപക ചെയര്‍മാനുമായ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ മലയാള ചലച്ചിത്രനിര്‍മ്മാണ മേഖയിലേയ്ക്ക് ചുവടുവയ്ക്കുന്നു. ക്രിസ്മസിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ആഘോഷം എന്ന സിനിമയിലൂടെയാണ് പ്രിന്‍സിന്റെ അരങ്ങേറ്റം.

മലയാള സിനിമയുടെ പുതിയ തലമുറ സൃഷ്ടികളിലേക്ക് യൂറോപ്യന്‍ മലയാളികളുടെ പിന്തുണയും സമൂഹത്തിനു മികച്ച സന്ദേശങ്ങള്‍ നല്‍കുന്ന കഥയും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമ എന്ന വലിയ മാധ്യമം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മലയാള സിനിമയിലൂടെ കലയുടെയും കഴിവിന്റെയും പാരമ്പര്യം യൂറോപ്പിലും കൂടുതല്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഷാജു ശ്രീധര്‍, വിജയരാഘവന്‍, ജോണി ആന്റണി, ജൈസ് ജോസ്, ബോബി കുര്യന്‍, റോസ്മിന്‍, മക്ബുല്‍ സല്‍മാന്‍, കോട്ടയം രമേഷ്, സുമേഷ് ചന്ദ്രന്‍, നാസ്സര്‍ ലതീഫ്, സ്വപ്ന പിള്ള, അഞ്ജലി ജോസഫ്, നിഖില്‍ റെഞ്ഞി പാണിക്കര്‍, റുഷിന്‍ ഷാജി കൈലാസ്, അര്‍ദ്ര മോഹന്‍, ദിനി ഡാനിയല്‍, ദിവ്യദര്‍ശന്‍ തുടങ്ങിയ വലിയ താരനിരയാണ് ആഘോഷം പൊടിപൊടിക്കാന്‍ എത്തുന്നത്. അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണവും കഥയും രചനയും, ഡോ. ലിസി കെ ഫെര്‍ണാണ്ടസ് ആണ്.

ഓസ്ട്രിയയില്‍ ദക്ഷിണേഷ്യന്‍ ഭക്ഷ്യ-സാംസ്‌കാരിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിയന്നയില്‍ വലിയൊരു സ്ഥാനമൊരുക്കി പ്രവര്‍ത്തിക്കുന്ന പ്രോസി ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ. പ്രിന്‍സ് വിയന്നയിലെ ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യമാണ്. അതോടൊപ്പം ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായ വേള്‍ഡ് മലയാളി ഫെഡറേഷനിലൂടെ ആഗോള മലയാളി സമൂഹത്തിന് സേവനം ഒരുക്കിയും പ്രിന്‍സ് ശ്രദ്ധേയനാണ്.