മുട്ടന്‍ പണി മേടിച്ച് ഇന്‍ഡിഗോ; മറ്റു കമ്പനികള്‍ക്ക് അധിക സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്തേക്കും
ഡല്‍ഹി: വിമാന സര്‍വീസുകള്‍ താറുമാറായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്‍ഡിഗോയുടെ 5 ശതമാനം വിമാന സര്‍വീസുകള്‍ (പ്രതിദിനം ഏകദേശം 115 സര്‍വീസുകള്‍) വെട്ടിക്കുറക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) തീരുമാനം. ഡിസംബര്‍ 1 മുതല്‍ ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ തുടര്‍ച്ചയായി തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് നടപടി.
തിരക്കേറിയതും കൂടുതല്‍ സര്‍വീസുകളുള്ളതുമായ റൂട്ടുകളിലെ വിമാനങ്ങളാണ് പ്രധാനമായും വെട്ടിക്കുറയ്ക്കുന്നത്. നിലവിലെ ശൈത്യകാല ഷെഡ്യൂളിന് കീഴില്‍ ഇന്‍ഡിഗോ നടത്തുന്ന സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎയുടെ നടപടി.
ബുധനാഴ്ച വൈകുന്നേരം 5 മണിക്കുള്ളില്‍ പുതുക്കിയ ഷെഡ്യൂള്‍ സമര്‍പ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2025-26 ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി പ്രതിദിനം 2,200-ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. സര്‍വീസ് നടത്താന്‍ മറ്റു കമ്പനികള്‍ക്ക് അധിക ശേഷി ഉണ്ടെങ്കില്‍ ഈ സ്ലോട്ടുകള്‍ വാഗ്ദാനം ചെയ്‌തേക്കാമെന്നാണ് വിവരം.
അതേസമയം, സര്‍വ്വീസ് പ്രതിസന്ധിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇന്‍ഡിയോ മറുപടി നല്‍കി. സാങ്കേതിക പ്രശ്നം, കാലാവസ്ഥ, ശൈത്യകാല സമയക്രമം, പൈലറ്റുമാരുടെ പുതിയ വ്യവസ്ഥ എന്നിവ പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഇന്‍ഡിഗോ സിഇഒ നല്‍കിയ മറുപടിയില്‍ ഉള്ളത്. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇനിയും സമയം വേണമെന്നും ഇന്‍ഡിഗോ ആവശ്യപ്പെടുന്നുണ്ട്.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇന്‍ഡിഗോ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയില്‍ മാത്രം റദ്ദാക്കപ്പെട്ടത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിന്‍വലിച്ചിരുന്നു.




