തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാന്‍ ‘മാഗ്’ ഒരുങ്ങുന്നു

സുജിത്ത് ചാക്കോ

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ടെക്‌സാസിലെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ പൂര്‍ത്തിയായി വരുന്നു. ഡിസംബര്‍ 13ന് ശനിയാഴ്ച കേരള ഹൗസില്‍ നിന്ന് ഒരു മൈല്‍ മാത്രം ദൂരത്തുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തല്‍ രാവിലെ 7.30ന് ആരംഭിച്ച് വൈകുന്നേരം 7.30ന് അവസാനിക്കും. ഏതാണ്ട് 4000 ത്തിലധികം സമ്മതിദായകര്‍ അവരുടെ സമ്മതിധാന അവകാശം രേഖപ്പെടുത്താന്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രവും സുതാര്യവും മികവുറ്റതും ആക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ മാര്‍ട്ടിന്‍ ജോണ്‍, പ്രിന്‍സ് പോള്‍, ബാബു തോമസ്, ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ജിമ്മി കുന്നശ്ശേരി, പ്രസിഡന്റ് ജോസ് കെ ജോണ്‍ എന്നിവര്‍ അറിയിച്ചു.

2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന നിര്‍ണായകമായ വിധിയെഴുത്തില്‍ ചാക്കോ തോമസിന്റെ നേതൃത്വത്തില്‍ ടീം ഹാര്‍മണിയും റോയി മാത്യുവിന്റെ നേതൃത്വത്തില്‍ ടീം യുണൈറ്റഡും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. 16 അംഗങ്ങള്‍ വീതമാണ് ഇരു പാനലിലും ഉള്ളത്. പ്രസിഡന്റിനെ കൂടാതെ 11 ബോര്‍ഡ് അംഗങ്ങളും രണ്ട് വനിതാ പ്രതിനിധികളും ഒരു യുവ പ്രതിനിധിയും ഉള്‍പ്പെടുന്നതാണ് മാഗിന്റെ ഭരണസമിതി. സ്വതന്ത്രനായി ഷാജു തോമസ് ബോര്‍ഡിലേക്കു മാറ്റുരയ്ക്കുന്നു.

മത്സര മുഖത്ത് പൊടിപാറുന്ന പ്രവര്‍ത്തനങ്ങളാണ് ഇരു കൂട്ടരും നടത്തുന്നത്. പോസ്റ്ററുകളും ബാനറുകളും പതിച്ചും നോട്ടീസുകള്‍ വിതരണം ചെയ്തും, വീടുതോറും കയറിയിറങ്ങിയും വമ്പന്‍ പ്രചാരണമാണ് നടത്തുന്നത്. ആരാധനാലയങ്ങള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങി മലയാളികള്‍ കൂടുന്ന എവിടെയും തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളും അലയൊലികളുമുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചൂടും ചൂരും നിറച്ചതാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പുകളും. മലയാളി അസോസിയേഷന്റെ മുന്നേറ്റ തുടര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും ഈ തിരഞ്ഞെടുപ്പ് എന്നതില്‍ സംശയമില്ല. നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ എല്ലാ അംഗങ്ങളും തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.