ആരാധനാലയങ്ങള്‍: ചൈതന്യം നഷ്ടപ്പെട്ട് ആള്‍ക്കൂട്ട കേന്ദ്രങ്ങളാകുമ്പോള്‍

പി പി ചെറിയാന്‍

പള്ളികള്‍, അമ്പലങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാല്‍, സമീപകാലത്തായി ഈ വിശുദ്ധ സ്ഥലങ്ങള്‍ തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ദുഃഖകരമായ പ്രവണതയാണ് നാം കാണുന്നത്

ആരാധനാലയങ്ങള്‍ വിശുദ്ധ ഗ്രന്ഥ പഠനത്തിനോ, ധ്യാനത്തിനോ, നിശ്ശബ്ദ പ്രാര്‍ത്ഥനയ്‌ക്കോ പ്രാധാന്യം നല്‍കുന്നതിനു പകരം, അമിതമായ വിനോദ പരിപാടികള്‍ക്കും, അനാവശ്യമായ ആഘോഷങ്ങള്‍ക്കും മേളകള്‍ക്കും പ്രാമുഖ്യം നല്‍കുന്നു.വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ആഡംബരങ്ങള്‍ കൂട്ടാനുമുള്ള മത്സരം നടക്കുന്നു. ഇത് ആത്മീയതയെക്കാള്‍ ഭൗതികമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.

ആരാധനയുടെ പേരില്‍ അരങ്ങേറുന്ന ഈ ‘പ്രകടനങ്ങള്‍ ‘ വിശ്വാസികളുടെ ശ്രദ്ധയെ ദൈവത്തില്‍ നിന്ന് അകറ്റി ലൗകിക കാര്യങ്ങളിലേക്ക് തിരിക്കുകയാണ്.ആരാധനാലയങ്ങള്‍ കേവലം സാമൂഹിക ക്ലബ്ബുകളോ, വിനോദ കേന്ദ്രങ്ങളോ, അല്ലെങ്കില്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള ഒത്തുചേരല്‍ സ്ഥലങ്ങളോ ആയി മാറുന്നു.

കൂട്ടായ്മകള്‍ ആവശ്യമാണ്, പക്ഷെ അവ ആത്മീയതയുടെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ ഊന്നിയതായിരിക്കണം. എന്നാല്‍, ഇന്ന് കാണുന്നത് രാഷ്ട്രീയപരമായ ഇടപെടലുകള്‍ക്കും, ഗ്രൂപ്പ് പോരുകള്‍ക്കും, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുമുള്ള വേദിയാകുന്നതാണ്.

പാവപ്പെട്ടവനെ സഹായിക്കാനും, രോഗിയെ ആശ്വസിപ്പിക്കാനും, നീതിക്ക് വേണ്ടി നിലകൊള്ളാനുമുള്ള യഥാര്‍ത്ഥ ക്രൈസ്തവ, ഹൈന്ദവ, ഇസ്ലാമിക ധര്‍മ്മങ്ങള്‍ പലപ്പോഴും മറന്നുപോകുന്നു.സമൂഹത്തോടുള്ള ഈ ഉത്തരവാദിത്തം കുറയുന്നത് ആരാധനാലയങ്ങളുടെ ചൈതന്യം നഷ്ടപ്പെടുത്തുന്നു.

ആരാധനാലയങ്ങള്‍ അതിന്റെ മുഖ്യലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതിന് യേശുക്രിസ്തുവിന്റെ ജീവിതത്തില്‍ ഒരു ശക്തമായ ഉദാഹരണമുണ്ട്..

യെരുശലേം ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പകരം കന്നുകാലികളെയും പ്രാവിനെയും വില്‍ക്കുന്നവരെയും, പണം മാറ്റി കൊടുക്കുന്ന നാണയവിനിമയക്കാരെയും യേശു കണ്ടു. പ്രാര്‍ത്ഥനാലയം സ്വന്തം ലാഭത്തിനായി കച്ചവടം നടത്തുന്നവരുടെ ഒരു ഇടത്താവളമായി മാറിയിരുന്നു.

യേശു ചാട്ടവാര്‍ ഉണ്ടാക്കി അവരെയും കന്നുകാലികളെയും ദേവാലയത്തില്‍ നിന്ന് പുറത്താക്കി. നാണയവിനിമയക്കാരുടെ മേശകളും അവിടുന്ന് മറിച്ചിട്ടു. ‘എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും; നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തു.’ (മത്തായി 21:13) എന്ന് യേശു ശക്തമായി പ്രഖ്യാപിച്ചു.

ഇന്നത്തെ ആരാധനാലയങ്ങളില്‍ കാണുന്ന അമിതമായ ആര്‍ഭാടവും, ലൗകികമായ ഇടപെടലുകളും യേശുക്രിസ്തുവിന്റെ ഇഷ്ടത്തിന് വിരുദ്ധമാണെന്ന ശക്തമായ താക്കീതാണ് ഈ സംഭവം നല്‍കുന്നത്.

ഈ ദുശ്ശീലം തുടര്‍ന്നാല്‍, നമ്മുടെ ആരാധനാലയങ്ങള്‍ ആത്മീയമായ ഉണര്‍വോ, ദൈവീകമായ അനുഭവമോ ലഭിക്കാത്ത വെറും ആള്‍ക്കൂട്ട കേന്ദ്രങ്ങളായി മാറും. ഇത് സമൂഹത്തില്‍ വിശ്വാസത്തിന്റെ ശക്തി കുറയ്ക്കുന്നതിനും ആത്മീയ തകര്‍ച്ചയ്ക്കും കാരണമാകും.
വിശ്വാസികള്‍ ഓരോരുത്തരും ഈ പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തണം. ആരാധനാലയങ്ങള്‍ അവയുടെ ‘മുഖ്യലക്ഷ്യത്തിലേക്ക്’ തിരിച്ചുപോകാന്‍ നാം ആവശ്യപ്പെടണം.

അധികാരികള്‍ അവരുടെ സമയം, പണം, ഊര്‍ജ്ജം എന്നിവ വിനിയോഗിക്കേണ്ടത് ആത്മീയവും ധാര്‍മ്മികവുമായ ഉന്നമനത്തിന് വേണ്ടിയായിരിക്കണം; അല്ലാതെ ഭൗതികമായ നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയാവരുത്.

നമ്മുടെ ആരാധനാലയങ്ങള്‍ ശാന്തതയുടെയും പരിവര്‍ത്തനത്തിന്റെയും ഇടങ്ങളായി നിലകൊള്ളണം. അവിടെ ക്ലബ്ബുകളുടെ കോലാഹലങ്ങളല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യമാണ് നിറഞ്ഞുനില്‍ക്കേണ്ടത്. അതിനുവേണ്ടി നമുക്ക് ഒറ്റക്കെട്ടായി നിലകൊള്ളാം.