പുടിന്‍ മടങ്ങി: 2026ല്‍ സെലന്‍സ്‌കിയും ഇന്ത്യയില്‍ എത്തുമോ?

ഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ദ്വിദിന സന്ദര്‍ശനം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ നീക്കം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര സന്തുലന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

വരും മാസങ്ങളില്‍ തന്നെ സെലന്‍സ്‌കിയുടെ സന്ദര്‍ശനം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. 2026 ജനുവരിയോടെ സെലന്‍സ്‌കി ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുടിന്‍ ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സെലന്‍സ്‌കിയുടെ ഓഫീസുമായി ആശയവിനിമയം നടത്തിയിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

യുദ്ധം തുടങ്ങിയ ശേഷം എട്ട് തവണയോളം പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിക്കുകയും, നാലു തവണ നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയില്‍ റഷ്യയിലും, ഓഗസ്റ്റില്‍ യുക്രൈനിലും സന്ദര്‍ശനം നടത്തിയ മോദി, ഇന്ത്യയുടെ നിലപാട് ഇരുനേതാക്കളെയും അറിയിച്ചിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സമ്മര്‍ദ്ദം നേരിടുമ്പോഴും, ഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിന്റെ പക്ഷത്താണ് എന്ന നിലപാടാണ് മോദി ആവര്‍ത്തിക്കുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയിലും ഇതേ നിലപാട് ഇന്ത്യ വ്യക്തമാക്കി. യുദ്ധം, സംഘര്‍ഷം എന്നീ വാക്കുകള്‍ക്ക് പകരം പ്രതിസന്ധി എന്ന വാക്ക് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ ഉപയോഗിച്ചതും ശ്രദ്ധേയമായി.

ട്രംപിന്റെ സമാധാന പദ്ധതി, യുക്രൈനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടങ്ങി ഒന്നിലേറെ ഘടകങ്ങള്‍ സെലന്‍സ്‌കിയുടെ സന്ദര്‍ശനത്തിന് നിര്‍ണ്ണായകമാകും. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സെലന്‍സ്‌കിയുടെ വിശ്വസ്തനും ചീഫ് ഓഫ് സ്റ്റാഫുമായ ആന്‍ഡ്രി യെര്‍മാക് രാജിവെച്ചത് തിരിച്ചടിയായിട്ടുണ്ട്.

1992, 2002, 2012 വര്‍ഷങ്ങളില്‍ മാത്രമാണ് ഇതിന് മുന്‍പ് യുക്രൈന്‍ പ്രസിഡന്റുമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ളത്. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഉപരോധ ഭീഷണി നിലനില്‍ക്കെ, സെലന്‍സ്‌കിയുടെ സന്ദര്‍ശനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായി നിര്‍ണ്ണായകമാണ്.