ഓസ്ട്രേലിയയില്‍ ബീച്ചില്‍ വെടിവെപ്പില്‍ 12 മരണം, നിരവധി പേര്‍ക്ക് പരിക്ക്
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള പ്രശസ്തമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 13 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ജൂത ആഘോഷമായ ‘ഹനുക്ക’ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാളെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും, മറ്റൊരാളെ അറസ്റ്റ് ചെയ്തുവെന്നുമാണ് വിവരം. സംഭവം അതീവ ദാരുണവും ഞെട്ടിക്കുന്നതുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പ്രതികരിച്ചു.
പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്നും, ജനങ്ങള്‍ ബോണ്ടി ബീച്ച് പരിസരത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ന്യൂ സൗത്ത് വെയില്‍സ് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, അമേരിക്കയിയിലെ റോഡ് ഐലന്‍ഡിലുള്ള ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് ബ്ലോക്കിലാണ് വെടിവെയ്പ്പ് നടന്നത്. ശനിയാഴ്ച പ്രാദേശിക സമയം 4:05 നാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്നും മേയര്‍ വ്യക്തമാക്കി.
കറുത്ത വസ്ത്രം ധരിച്ച് എത്തിയ ഒരു പുരുഷനാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പ് ഒരു ഭയാനകമായ കാര്യമാണെന്നും ഇരകള്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു.




