ഓസ്ട്രേലിയയില്‍ ജൂതര്‍ക്കെതിരായ ഭീകരാക്രമണം: പാക് വംശജരായ അച്ഛനും മകനും പ്രതികള്‍, ഐഎസ് ബന്ധം സംശയം; മരണം 16
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അച്ഛനും മകനുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വംശജരായ സാജിദ് അക്രം (50) മകന്‍ നവീദ് അക്രം (24) എന്നിവരാണ് അക്രമികള്‍. സാജിദ് അക്രം പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നും മകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു.
സാജിദ് അക്രമിന് ലൈസന്‍സുള്ള ആറ് തോക്കുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സാജിദ് അക്രമിന് ഐഎസിന്റെ സിഡ്നി സെല്ലുമായി ബന്ധമുണ്ടെന്നും സൂചനകളുണ്ട്.
ഞായറാഴ്ചയാണ് ഏറ്റവും വലിയ ഓസ്ട്രേലിയന്‍ നഗരങ്ങളിലൊന്നായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണമുണ്ടായത്. ‘ഹനുക്കാഹ്’ എന്ന ജൂതമതക്കാരുടെ ആഘോഷ പരിപാടിയിലാണ് വെടിവയ്പ്പ് നടന്നത്. ജൂത സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്കോളം ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു.
”യഹൂദവിരുദ്ധത ഇല്ലാതാക്കാന്‍” ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇത്തരക്കാരെ പൂര്‍ണ്ണമായും ”ഉന്മൂലനം” ചെയ്യുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ഡിസംബര്‍ 14 ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ”ഇരുണ്ട ദിനമാണെന്നും അദ്ദേഹം പ്രതികരിച്ചു.




