ഓസ്‌ട്രേലിയ വെടിവെപ്പ്; പ്രതികളില്‍ ഒരാള്‍ ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരിച്ച് പൊലീസ്
ഹൈദരബാദ്: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ പ്രതികളില്‍ ഒരാള്‍ ഹൈദരാബാദ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ച് തെലങ്കാന പൊലീസ്. അക്രമികളില്‍ ഒരാളായ സാജിദ് അക്രം (50) ഹൈദരാബാദില്‍ ആണ് ബി.കോം പൂര്‍ത്തിയാക്കിയതെന്നും, യൂറോപ്യന്‍ വംശജയായ സ്ത്രീയെ വിവാഹം കഴിച്ച ശേഷം 1998 നവംബറില്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു എന്നും തെലങ്കാന ഡിജിപി ബി. ശിവധര്‍ റെഡ്ഡി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ഓസ്ട്രേലിയയിലേക്ക് പോയ ശേഷം സാജിദ് ആറു തവണ ഇന്ത്യ സന്ദര്‍ശിച്ചതായാണ് വിവരം. ഹൈദരാബാദിലുണ്ടായിരുന്ന സമയത്ത് ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമോ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായി റെക്കോര്‍ഡുകളോ ഇല്ലെന്ന് ഡിജിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുമായും മറ്റ് അന്വേഷണ ഏജന്‍സികളുമായും തെലങ്കാന പൊലീസ് സഹകരിക്കുമെന്നും പ്രതിയെ തീവ്രവാദത്തിലേക്ക് നയിച്ച ഘടകങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നവംബര്‍ 1 ന് സിഡ്നിയില്‍ നിന്ന് പ്രതികളായ സാജിദ് അക്രമും മകന്‍ നവീദ് അക്രമും (24) ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചിരുന്നതായി ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ ബ്യൂറോ വക്താവ് ഡാന സാന്‍ഡോവല്‍ പറഞ്ഞു. നവംബര്‍ 28 ന് ഇവര്‍ ഫിലിപ്പീന്‍സില്‍ നിന്ന് മനില വഴി സിഡ്നിയിലേക്ക് മടങ്ങിയതായും സാന്‍ഡോവല്‍ കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ബോണ്ടി ബീച്ചില്‍ വെടിവെപ്പുണ്ടായത്. രാജ്യം നടുങ്ങിയ ആക്രമണത്തില്‍ പത്തു വയസ്സുകാരി ഉള്‍പ്പെടെ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മൂന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 40 പേര്‍ക്ക് പരിക്കേറ്റതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂത ആഘോഷമായ ‘ഹനുക്ക’ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സാജിദ് അക്രം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മകന്‍ ചികിത്സയിലാണ്.




