ജി റാം ജി ബില്‍ ലോക്സഭ പാസാക്കി
ന്യൂഡല്‍ഹി: കടുത്ത പ്രതിപക്ഷ എതിര്‍പ്പിനിടയിലും തൊഴിലുറപ്പ് ഭേദഗതി ബില്‍ പാസാക്കി പാര്‍ലമെന്റ്. ഇനി മുതല്‍ വിബി ജി റാം ജി (വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍) എന്ന പേരിലാകും അറിയപ്പെടുക. തൊഴിലുറപ്പു പദ്ധതിയായ മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗ്യാരിന്റി ആക്ട് എന്ന പേരാണ് പുനര്‍നാമകരണം ചെയ്യാന്‍ അനുമതി നേടിയത്.
പദ്ധതിയില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിനെ ചൊല്ലി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല, പകരം പുതിയ പദ്ധതിയാണെന്ന് കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ഗ്രാമീണ തൊഴില്‍ പദ്ധതികളുടെ ഘടനയെ സ്വാധീനിക്കുന്ന ഗ്രാമീണ തൊഴിലുറപ്പുകള്‍, ഉപജീവന പദ്ധതികള്‍ എന്നിവ പുനര്‍നിര്‍മിക്കുകയാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ വിഭജനം അംഗീകരിച്ചപ്പോഴും, അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോഴും കോണ്‍ഗ്രസ് ഗാന്ധിയന്‍ ആദര്‍ശങ്ങളെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
2009-ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തൊഴിലുറപ്പ് പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നിലവിലെ തൊഴിലുറപ്പ് പദ്ധതിയില്‍ നിരവധി പോരായ്മകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



