മലയാളത്തിന്റെ പ്രിയങ്കരനായ ‘ശ്രീനി’
മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ വിജയിച്ച കലാകാരനാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് അദ്ദേഹം സജീവമായിരുന്നു.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയായ ശ്രീനിവാസൻ 1977-ൽ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ചേർന്ന് ഒരുക്കിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. ‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘വരവേൽപ്പ്’, ‘സന്ദേശം’ തുടങ്ങിയ സിനിമകൾ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചവയാണ്.
‘ചിന്താവിഷ്ടയായ ശ്യാമള’ പോലെയുള്ള ചിത്രങ്ങളിലൂടെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയ ചിത്രങ്ങൾ മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നർമ്മത്തോടെയും നോക്കിക്കണ്ടവയാണ്. തന്റെ രൂപത്തെയും പരിമിതികളെയും സ്വയം പരിഹസിച്ചുകൊണ്ട് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
‘ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്,’ ‘നാടോടിക്കാറ്റ്,’ ‘വടക്കുനോക്കിയന്ത്രം,’ ‘ചിന്താവിഷ്ടയായ ശ്യാമള,’ ‘കിളിച്ചുണ്ടൻമാമ്പഴം,’ ‘ഉദയനാണ് താരം,’ ‘കഥ പറയുമ്പോൾ,’ ‘അറബിക്കഥ,’ ‘ആത്മകഥ.’ എന്നിവയിലെ ശ്രീനിവാസൻ്റെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല.
മികച്ച കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ‘സന്ദേശം’ (1991), മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ‘മഴയെത്തും മുമ്പേ’ (1995), മികച്ച ജനപ്രിയ സിനിമക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ‘ചിന്താവിഷ്ടയായ ശ്യാമള’ (1998), മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ‘വടക്കുനോക്കിയന്ത്രം’ (1989, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക അവാർഡ് ‘തകരച്ചെണ്ട’ എന്നിവ സ്വന്തമാക്കി.
‘കുട്ടിമാമ'(2019), ‘ആത്മകഥ’ (2010), ‘പച്ചമരത്തണലിൽ’ (2008), ‘ബില്ലു ബാർബർ’ (2008-ഹിന്ദി) കഥ, ‘കുസേലൻ’ (2008- തമിഴ്) കഥ, ‘കഥ പറയുമ്പോൾ’ (2007) കഥ/തിരക്കഥ/സംഭാഷണം/നായക വേഷം, ‘Shortcut – the con is on’ (2007- ഹിന്ദി) കഥ, ‘അറബിക്കഥ’ (2007), ‘വെള്ളിതിരൈ’ (2007- തമിഴ്) കഥ , ‘ഉദയനാണ് താരം’ (2005), ‘Zameer – The Fire Within’ (2005- ഹിന്ദി) കഥ/തിരക്കഥ, ‘മേഘം’ (1999), ‘അയാൾ കഥയെഴുതുകയാണ്’ (1998) തിരക്കഥ, ‘ചിന്താവിഷ്ടയായ ശ്യാമള’ (1998) (സംവിധാനം), ‘അഴകിയ രാവണൻ’ (1996) കഥ/തിരക്കഥ, ‘കാലാപാനി’ (1996), ‘മഴയെത്തും മുൻപെ’ (1995) കഥ/തിരക്കഥ, ‘മിഥുനം’ (1993), ‘സന്ദേശം’ (1991) കഥ/തിരക്കഥ, ‘അക്കരെ അക്കരെ അക്കരെ’ (1990) കഥ/തിരക്കഥ, ‘തലയണമന്ത്രം’ (1990) കഥ/തിരക്കഥ, ‘ആനവാൽ മോതിരം’ (1990), ‘വടക്കുനോക്കിയന്ത്രം’ (1989) (സംവിധാനം), ‘വരവേൽപ്പ്’ (1989) കഥ/തിരക്കഥ, ‘ചിത്രം’ (1988), ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ (1988, കഥ/തിരക്കഥ, ‘പട്ടണപ്രവേശം’ (1988) കഥ/തിരക്കഥ, ‘വെള്ളാനകളുടെ നാട്’ (1988)കഥ/തിരക്കഥ, ‘നാടോടിക്കാറ്റ് ‘(1987) കഥ/തിരക്കഥ, ‘ഗാന്ധിനഗർ സെക്കന്റ് സ്ട്റീറ്റ്’ (1986) കഥ/തിരക്കഥ, ‘സന്മനസ്സുള്ളവർക്ക് സമാധാനം’ (1986) കഥ/തിരക്കഥ, ‘ടി.പി. ബാലഗോപാലൻ എം.എ’ (1986) കഥ/തിരക്കഥ എന്നിവയാണ് ശ്രീനിവാസൻ്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ
വ്യക്തിജീവിതം വാർദ്ധക്യസഹജമായ അസുഖങ്ങളും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും, അസുഖബാധിതനായിരുന്ന സമയത്തും തന്റെ തനതായ നർമ്മബോധം ശ്രീനിവാസൻ കൈവിട്ടിരുന്നില്ല. മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്.
മലയാളികളുടെ സ്വീകരണമുറികളിൽ ഇന്നും പൊട്ടിച്ചിരികൾ പടർത്തുന്ന ശ്രീനിവാസന്റെ സംഭാഷണങ്ങൾ സിനിമയുള്ള കാലത്തോളം നിലനിൽക്കും.





